
ശസ്‌ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിൽ കഴിയുകയായിരുന്ന ഒരു സ്‌ത്രീയെ പീഡിപ്പിക്കുക എന്ന അതിഗുരുതരമായ കുറ്റകൃത്യമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ വർഷം നടന്നത്. അർദ്ധബോധാവസ്ഥയിലായിരുന്ന സ്‌ത്രീ പിന്നീട് ബന്ധുക്കളോട് വിവരങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ അറ്റൻഡർ എം.എം. ശശീന്ദ്രൻ അറസ്റ്റിലാവുകയും ചെയ്തു. ഇയാളെ മെഡിക്കൽ കോളേജ് അധികൃതർ സസ്‌പെൻഡ് ചെയ്തു. തുടർന്ന് കേസ് പിൻവലിപ്പിക്കാൻ വേണ്ടി അതിജീവിതയെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങളാണ് അരങ്ങേറിയത്. അതിജീവിത ആരോഗ്യവകുപ്പ് മന്ത്രിയെ നേരിൽക്കണ്ട് ഇക്കാര്യങ്ങൾ ധരിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ നഴ്‌സുമാർ ഉൾപ്പെടെ ആറ് ജീവനക്കാരും സസ്പെൻഷനിലായി.
പിന്നീടുള്ള ദിവസങ്ങളിൽ പ്രതിക്കൊപ്പം നിന്ന് അതിജീവിതയെ ഭീഷണിപ്പെടുത്തിയവരെ രക്ഷിക്കാനായി സർവീസ് സംഘടനയിലെ പലരും രംഗത്തെത്തുകയും പല നാടകങ്ങളും കളിക്കുകയും ചെയ്തു. ട്രൈബ്യൂണലിന്റെ ഇടപെടലുകളുടെയും നിർദ്ദേശത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ശശീന്ദ്രൻ ഒഴികെയുള്ള ജീവനക്കാരുടെ സസ്‌പെഷൻ പിന്നീട് പിൻവലിച്ച് സ്ഥലംമാറ്റത്തിലൊതുക്കി. പീഡനത്തിന് ഇരയായ യുവതിക്ക് അനുകൂല നിലപാട് സ്വീകരിച്ചത് പി.ബി. അനിത എന്ന നഴ്‌സ് മാത്രമായിരുന്നു. ഇത് കേസ് ബലപ്പെടാൻ ഇടയാകുമെന്ന സംശയത്താൽ ഇവരോട് ശത്രുതാപരമായ നിലപാടാണ് പലരും അന്നുമുതൽ എടുത്തിരുന്നത്. സത്യത്തിനും നീതിക്കും വേണ്ടി നിർഭയമായി നിന്നു എന്ന ഒരു 'കുറ്റമേ" അവർ ചെയ്തിട്ടുള്ളൂ. അതോടെ ഇവർ അധികൃതരുടെ കണ്ണിലെ കരടായി മാറി.
കഴിഞ്ഞ നവംബർ 28-ന് അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. തന്റെ ഭാഗം കേട്ടില്ലെന്ന പരാതിയുമായി അനിത ട്രൈബ്യൂണലിനെ സമീപിച്ചു. രണ്ടു മാസത്തേക്ക് സ്ഥലംമാറ്റം സ്റ്റേ ചെയ്ത ട്രൈബ്യൂണൽ, ഈ സമയത്തിനകം ഹർജി പരിശോധിച്ച് നടപടി എടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. പിന്നീടാണ് സർക്കാർ വക പ്രതികാരം തലപൊക്കിയത്. സ്ഥലംമാറ്റ നടപടി ശരിവയ്ക്കുകയാണ് സർക്കാർ ചെയ്തത്. ഇത് എന്തു സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്? നാളെ മറ്റൊരു സർക്കാർ മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ ഇത്തരമൊരു സംഭവം ഉണ്ടായാൽ ഒറ്റ മനുഷ്യനും ഒരക്ഷരം പുറത്തു പറയരുതെന്നും, അങ്ങനെ പറഞ്ഞാൽ ഇതുപോലെ സ്ഥലംമാറ്റ പീഡനം അനുഭവിക്കേണ്ടിവരുമെന്നും സൂചന നൽകുകയാണ് ആരോഗ്യവകുപ്പ് അനിതയുടെ സ്ഥലംമാറ്റം ശരിവച്ചതിലൂടെ ചെയ്തത്. സർക്കാരിന്റെ നടപടിക്കെതിരെ അനിത ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും തങ്ങൾ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്ന മട്ടിൽ സർക്കാർ ഇവരെ ജോലിയിൽ തിരിച്ചുകയറ്റാൻ കൂട്ടാക്കാതെ പിടിവാശി തുടരുകയാണ്.
ഹൈക്കോടതി പറഞ്ഞാൽ പോലും സർവീസ് സംഘടനകൾ എതിർത്താൽ സർക്കാർ അവരുടെ കൂടെയേ നിൽക്കൂ എന്നതു കൂടി ബോദ്ധ്യപ്പെടുത്തുന്നതാണ് ഈ സംഭവം. മെഡിക്കൽ കോളേജിലെ ജീവനക്കാർക്കൊപ്പമല്ല, അതിജീവിതയ്ക്കൊപ്പമാണ് ഇടതുപക്ഷ സർക്കാർ നിൽക്കേണ്ടത്. കുറ്റക്കാർ ഏതു നിറമുള്ള പാർട്ടിയിൽപ്പെട്ടവരായാലും അവർക്കെതിരെ നടപടിയെടുക്കണം. അതോടൊപ്പം അതിജീവിതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ജീവനക്കാരിയെ സംരക്ഷിക്കുകയും വേണം. എന്നാൽ യാതൊരു ഉളുപ്പുമില്ലാതെ ഇതിന് വിരുദ്ധമായ നിലപാടാണ് ആരോഗ്യവകുപ്പ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതി പറഞ്ഞാലും അനുസരിക്കാൻ പോകുന്നില്ല എന്ന ധിക്കാരം കൂടി കാട്ടിയിരിക്കുകയാണ്. സർക്കാരിന് നാണക്കേടുണ്ടാക്കാനേ ഇത്തരം നടപടികൾ ഉപകരിക്കൂ. സ്‌ത്രീസൗഹൃദത്തിന് പ്രഥമ സ്ഥാനം നൽകുമെന്ന് വെറുതെ പ്രസംഗിച്ചാൽ പോരാ. അത് പ്രവൃത്തിയിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും വേണം.