
പൂവാർ: മദ്ധ്യവേനലവധി ആരംഭിച്ചതോടെ കുട്ടികൾ അടക്കമുള്ള സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ പൂവാറിൽ സുരക്ഷിത ബോട്ട് യാത്രയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും അടിയന്തരമായി ഉറപ്പു വരുത്താൻ അധികൃതർ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നെയ്യാർ നദിയുടെ സംഗമ ഭൂമിയായ പൂവാർ പൊഴിക്കരയാണ് ഇനിയുള്ള രണ്ട് മാസക്കാലം ആളും ആരവവുമായി ഉത്സവ ലഹരിയിലാവുന്നത്. വിദേശികളടക്കം ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെ വന്നു പോകുന്നത്. കോവളം കഴിഞ്ഞാൽ ടൂറിസ്റ്റുകൾ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുൻപുള്ള ഇടത്താവളമാണ് പൂവാർ പൊഴിക്കര. സഹ്യപർവ്വത സാനുക്കളിൽ നിന്നും ഉത്ഭവിച്ച് 56 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നത്. നെയ്യാർ നദി ഇവിടെ എത്തുന്നതോടെ പൂവാർ ആകുന്നുവെന്നത് നാടിന്റെ ചരിത്രമാണ്. ചരിത്ര പ്രസിദ്ധമായ അനന്ത വിക്ടോറിയം മാർത്താണ്ഡവർമ്മ കനാൽ തമിഴ്നാട്ടിലേക്ക് കടന്നു പോകുന്നതും ഈ സംഗമ ഭൂമിയെ തൊട്ടുരുമ്മിയാണ്. പൊഴിമുറിയുന്ന പൊഴിയൂരിലെ കുരിശടിയും നദിയിലെ വെള്ളത്തിന് നടുവിൽ ഉയർന്ന് നിൽക്കുന്ന എലിഫന്റ് റോക്കും ഒഴുകി നടക്കുന്ന ഫ്ലോട്ടിംഗ് റസ്റ്റോറന്റുകളും സഞ്ചാരികൾക്ക് ഏറെ കൗതുകമാണ്. നദിയുടെ ബ്രേക്ക് വാട്ടറിലെ സ്വാഭാവികമായ കണ്ടൽക്കാടുകളും അപൂർവയിനം പക്ഷികളും സസ്യങ്ങളും മറ്റ് ജീവജാലങ്ങളും കൂടാതെ ഗോൾഡൻ ബീച്ചിലെ കടൽക്കാഴ്ചകളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
 സൗകര്യങ്ങൾ കുറവ്
കൈയേറ്റം, നദിയുടെയും കനാലിന്റെയും സ്വാഭാവിക വീതി കുറച്ചെങ്കിലും കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരിയാണ് പൂവാറിൽ ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയം. എന്നാൽ തീരത്തെ പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തത സഞ്ചാരികളെയും പ്രദേശവാസികളെയും വീർപ്പുമുട്ടിക്കുന്നു. തീരത്തെത്തുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ യാതൊരു സൗകര്യവുമില്ല. പൂവാറിലെ ചിൽഡ്രൻസ് പാർക്ക് നിർമ്മാണം പാതിവഴിയിൽ നിന്നുപോയി. ചുറ്റുമതിൽ പോലെ നിർമ്മിച്ച കരിങ്കൽക്കൂന മാത്രമാണ് നിലവിലുള്ളത്. സോളാർ ലൈറ്റുകൾ മുഴുവൻ ദ്രവിച്ച് നിലംപൊത്തിക്കഴിഞ്ഞു. കോൺക്രീറ്റിൽ നിർമ്മിച്ച ഇരിപ്പിടങ്ങളും ഉപയോഗശൂന്യമാണ്. പബ്ളിക്കിനു വേണ്ടി ഒരു ടോയ്ലെറ്റ് പോലും നിർമ്മിക്കാൻ അധികൃതർക്കായില്ല എന്നതാണ് പ്രധാന ആക്ഷേപം.
 പാർക്കും ഉപയോഗശൂന്യം
പൊഴിയൂരിലെ ഓഖി പാർക്കും ഇപ്പോൾ ഉപയോഗശൂന്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കടൽക്ഷോഭം പാർക്കിന്റെ അവശേഷിച്ച ഭാഗങ്ങളും തകർത്തെറിഞ്ഞു. ടോയ്‌ലെറ്റും വെള്ളവും വെളിച്ചവും ഇല്ലാത്തത് ടൂറിസ്റ്റുകളെ നിരാശപ്പെടുത്തുകയാണ്. പൂവാറിൽ നിന്നും പൊഴിക്കരയിലേക്കും കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്കുമുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. കൂടാതെ ഗോൾഡൻ ബീച്ചിന്റെ സുരക്ഷാഭിത്തിയും കടൽക്ഷോഭത്താൽ തകർന്നു. ഇതിലൂടെയുള്ള വാഹനയാത്ര ഇപ്പോൾ സുരക്ഷിതമല്ല. ആയതിനാൽ സുരക്ഷാഭിത്തി നിർമ്മിക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.