padmanabha-swamy-temple

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 300 വർഷത്തോളം പഴക്കമുള്ള വിഷ്വക്‌സേന വിഗ്രഹത്തിന്റെ പുനരുദ്ധാരണം അന്തിമഘട്ടത്തിൽ. മേയിലോ ജൂണിലോ പ്രതിഷ്ഠ നടക്കും.

ഒറ്റക്കൽ മണ്ഡപത്തിന് വടക്കുവശത്തായി ശ്രീപദ്മനാഭന്റെ പാദഭാഗത്താണ് വിഷ്ണുവിന്റെ അംശമായ വിഷ്വക്‌സേന പ്രതിഷ്ഠ. ശംഖ്, ചക്രം, ഗദ, അഭയമുദ്ര എന്നിവയോടെ പീഠത്തിൽ ഇരിക്കുന്ന പ്രതിഷ്ഠയ്‌ക്ക് 4 അടി ഉയരമുണ്ട്. വിഷ്വക് സേനനെ ആവാഹിച്ച ശേഷം പഴയ വിഗ്രഹത്തെ അഗ്നിമൂലയിൽ ദഹിപ്പിച്ചു. വിഷ്ണുവിന് സമർപ്പിക്കുന്ന എല്ലാ വസ്തുക്കളും വിഷ്വക്‌സേനനെ കാണിക്കണം. ക്ഷേത്രത്തിന്റെ നിത്യനിദാന കണക്കുകൾ ബോധിപ്പിക്കുന്നതും വിഷ്വക്‌സേനന് മുന്നിലാണ്.

ദേവപ്രശ്‌നത്തിൽ വിഗ്രഹം പുതുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ചെയർമാനും കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്,​ ചെറുവള്ളി നമ്പൂതിരിപ്പാട്,​ പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ അംഗങ്ങളുമായ സമിതിയുടെ നേതൃത്വത്തിൽ വിഗ്രഹത്തിന്റെ ശൂലപ്രതിഷ്ഠ ഒരു വർഷം മുമ്പ് നടത്തിയിരുന്നു. തൃശൂർ ഇളവള്ളി ശിവദാസൻ ആചാരിയാണ് ശൂലം തയ്യാറാക്കിയത്.

മൃൺമയ കൂട്ട്

കടുശർക്കര യോഗത്തിൽ നിർമ്മിക്കുന്ന ബിംബം സ്ഥലം മാറ്റാൻ പാടില്ല. അതിനാൽ പ്രതിഷ്ഠാസ്ഥലത്ത് തന്നെ ശില്പികൾ പണിയുകയാണ്. പല തരത്തിലുള്ള മുത്തുകൾ ശേഖരിച്ച് അതിൽ കഷായങ്ങളും പശകളും ധാതുക്കളും ധാന്യങ്ങളും ചന്ദനം,​ ഗോരോചനം,​ കസ്തൂരി,​ കുങ്കുമം സ്വർണം, വെള്ളി എന്നിവയും ചേർത്ത് 45 ദിവസം അരച്ച് ഉണ്ടാക്കുന്ന മൃണ്മയം എന്ന കൂട്ട് കൊണ്ടാണ് നിർമ്മാണം. കാണിപ്പയ്യൂരിന്റെ ശിഷ്യനായ പ്രദീപ് നമ്പൂതിരിയാണ് വിഗ്രഹം നിർമ്മിക്കുന്നത്. തൃക്കോഷ്ടിയൂർ മാധവൻ, ശെൽവകുമാർ,​ ബാലു എന്നിവരാണ് സഹായികൾ.

കഴക്കൂട്ടം തോന്നൽ ക്ഷേത്രം,​ കാന്തള്ളൂർ വലിയശാല ക്ഷേത്രം,​ മലയാലപ്പുഴ,​ തിരുവട്ടാർ ക്ഷേത്രം എന്നിവിടങ്ങളിലും കടുശർക്കര വിഗ്രഹങ്ങളാണ്.