
മലയിൻകീഴ്: സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മാറനല്ലൂർ കൂവളശ്ശേരി ബ്ലസിംഗ് ഹൗസിൽ എസ്. ഷീജ (41) മരണപ്പെട്ട വാർത്ത വിശ്വസിക്കാനാകാതെ നാട്ടുകാർ. പതിവുപോലെ രാവിലെ ആക്ടീവ സ്കൂട്ടറിൽ ഷീജ ജോലിക്ക് പോകുന്നത് കണ്ടവർ പിന്നീട് കേട്ടത് മരണവാർത്തയാണ്.
ഷീജയുടെ ഭർത്താവ് ഡോമിനിക്കിന്റെ മരണശേഷം കുടുംബം പുലർത്തുന്നതിനാണ് ഷീജ ജോലിക്ക് പോയിത്തുടങ്ങിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ മാർജിൻ ഫ്രീ മാർക്കറ്റിൽ സെയിൽസ് എക്സിക്യുട്ടീവായാണ് ഷീജ ജോലിചെയ്തിരുന്നത്. ഇന്നലെ അപകടത്തിന് തൊട്ടുമുൻപ് നെയ്യാറ്റിൻകര ഷോപ്പിൽ എത്തിയ ശേഷം അടുത്ത ഷോപ്പിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനെ നാട്ടുകാർ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നെയ്യാറ്റിൻകരയിലെ രണ്ട് ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുന്നതിനാൽ റോഡിൽ വലിയ തിരക്കും ഗതാഗത നിയന്ത്രണവും ഉണ്ടായിരുന്നു. എന്നാൽ തിരക്കിനിടയിലും ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
കൂലിപ്പണിക്കാരനായിരുന്ന ഷീജയുടെ ഭർത്താവ് കിഡ്നി രോഗം ബാധിച്ച് രണ്ട് വർഷം മുൻപാണ് മരിച്ചത്. അതിനുശേഷം വീട് പുലർത്താൻ ശ്രീജ നന്നേ പാടുപെട്ടിരുന്നു. മക്കളുടെ പഠന ചെലവും വാട്ടുകാര്യത്തിനും ആകെ ആശ്രയം ഷീജയുടെ വരുമാനം മാത്രമായിരുന്നു. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക മാത്രമായിരുന്നു ഷീജയുടെ ആഗ്രഹം. ജീവിതം മെല്ലേ പുരോഗതിയിലേക്ക് കടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഷീജയെ മരണം തട്ടിയെടുത്തത്. ഇതോടെ രണ്ടു കുട്ടികൾ അനാഥരായി.