
തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഗാലനേജ് ഫീസ് ലിറ്ററിന് അഞ്ചു പൈസയിൽ നിന്ന് പത്തു രൂപയാക്കി ഉയർത്താനുള്ള ബഡ്ജറ്റ് നിർദ്ദേശം നടപ്പാക്കിയേക്കില്ല. നിരക്ക് കൂട്ടി നികുതി വകുപ്പ് ഫയൽ തയ്യാറാക്കിയിരുന്നു. എന്നാൽ, നിരക്ക് വർദ്ധന ബിവറേജസ് കോർപ്പറേഷന് 300 കോടിയുടെ അധിക ബാദ്ധ്യത ഉണ്ടാക്കുമെന്ന് എം.ഡി സർക്കാരിന് കത്ത് നൽകി. ഇതു മറിക്കാൻ മദ്യവില കൂട്ടേണ്ടിവരും. തുടർന്നാണ് തീരുമാനം പിൻവലിക്കുന്നത്.
മദ്യവില കൂട്ടിയാൽ വില്പന കുറയുമെന്ന ആശങ്ക ബെവ്കോയ്ക്കുണ്ട്. സർക്കാരിന്റെ പ്രധാന വരുമാനത്തെയും ഇത് ബാധിക്കും. മാത്രമല്ല, മദ്യവില കൂട്ടില്ലെന്ന് ബഡ്ജറ്റ് അവതരണവേളയിൽ തന്നെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. നഷ്ടത്തിലായിരുന്ന ബെവ്കോ കഴിഞ്ഞ മൂന്ന് വർഷങ്ങളിലാണ് ലാഭത്തിലെത്തിയത്.
ഗാലനേജ് ഫീസ്
വെയർഹൗസുകളിൽ നിന്ന് ചില്ലറ വില്പനശാലകൾക്കും ബാറുകൾക്കും നൽകുന്ന മദ്യത്തിന്റെ അളവിന് ആനുപാതികമായി ബിവറേജസ് കോർപ്പറേഷൻ സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകയാണ് ഗാലനേജ് ഫീസ് ലിറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീസ് ഈടാക്കാൻ അബ്കാരി നിയമത്തിൽ വ്യവസ്ഥയുണ്ട്.
കെയ്സിന് ₹90 ആകും
ഒരു കെയ്സ് ഇന്ത്യൻനിർമ്മിത വിദേശ മദ്യം വെയർഹൗസിൽ നിന്ന് വിൽക്കുമ്പോൾ പുതുക്കിയ നിരക്കനുസരിച്ച് 90 രൂപ ബെവ്‌കോ ഒടുക്കേണ്ടിവരും. നിലവിലിത് 45 പൈസ മാത്രം. (ഒരു കെയ്സ് ഒമ്പതു ലിറ്ററാണ്). 60,000 കെയ്സ് മദ്യമാണ് ഒരു ദിവസം വെയർഹൗസുകളിൽ നിന്ന് പോകുന്നത്.
18 ലക്ഷം കെയ്സ്
ഒരു മാസം വെയർഹൗസുകളിൽ
നിന്ന് പോകുന്ന മദ്യം
14 ലക്ഷം കെയ്സ്
ഒരു മാസം പോകുന്ന ബിയർ