p

തിരുവനന്തപുരം: പഠനഭാരം ചൂണ്ടിക്കാട്ടി ഹയർസെക്കൻഡറി സിലബസിലെ ഒഴിവാക്കിയ പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയിൽ (കീം) ഉണ്ടാവില്ല. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഒഴിവാക്കിയ ഭാഗങ്ങളും എൻട്രൻസ് പരീക്ഷയുടെ സിലബസിൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം വരെ പിന്തുടർന്ന സിലബസാണ് ഇത്തവണയും എൻട്രൻസിനുള്ളത്. ഇതിൽ മാറ്റം വരുത്തണോയെന്ന് എസ്.സി.ഇ.ആർ.ടിയോട് എൻട്രൻസ് കമ്മിഷണറേറ്റ് രേഖാമൂലം ആരാഞ്ഞിരുന്നു. പക്ഷേ, ബന്ധപ്പെട്ട കമ്മിറ്റി ചേരുന്നതിന് രണ്ടു ദിവസം മുമ്പാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എൻട്രൻസ് സിലബസ് എസ്.സി.ഇ.ആർ.ടിക്ക് കൈമാറിയിട്ടുണ്ട്. ഏതൊക്കെ ഭാഗങ്ങളാണ് ഹയർസെക്കൻ‌ഡറി സിലബസിൽ ഇല്ലാത്തതെന്നും ഒഴിവാക്കേണ്ടതെന്നും അറിയിക്കാൻ എൻട്രൻസ് കമ്മിഷണറേറ്റ് ആവശ്യപ്പെട്ടു.

ഒഴിവാക്കിയ ഭാഗങ്ങളിലെ ചോദ്യങ്ങളില്ലെന്ന് ഉറപ്പാക്കുമെന്ന് എൻട്രൻസ് കമ്മിഷണറേറ്റ് അറിയിച്ചു. എൻ.സി.ഇ.ആർ.ടി തീരുമാനപ്രകാരമാണ് ഹയർ സെക്കൻഡറി സിലബസിൽ കുറവുവരുത്തിയിരുന്നത്. ജെ.ഇ.ഇ. മെയിൻ, നീറ്റ് യു.ജി പരീക്ഷകളുടെ സിലബസിൽ നിന്ന് ഈ പാഠഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ 17വരെ

എൻട്രൻസ് പരീക്ഷയ്ക്ക് ഏപ്രിൽ 17ന് വൈകിട്ട് 5വരെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. രേഖകൾ ഏപ്രിൽ 24ന് വൈകിട്ട് അഞ്ചിനകം നൽകണം. അഡ്‌മിറ്റ് കാർഡ് മേയ് 20മുതൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ ഫലം ജൂൺ 20നകം അറിയാം. റാങ്ക് ലിസ്റ്റ് ജൂലായ് 20നകം പ്രസിദ്ധീകരിക്കും.