ആറ്റിങ്ങൽ: സംസ്ഥാനത്ത് മാമ്പഴ ഉത്പാദനം കുറഞ്ഞു.വിപണി സജീവമാകേണ്ട രണ്ടുമാസം കഴിഞ്ഞിട്ടും കടകളിൽ മാമ്പഴം എത്തുന്നതിൽ വൻ കുറവാണ്.ഇക്കുറി മാമ്പഴ ഉത്പാദനം 10 ശതമാനത്തിൽ താഴെ മാത്രമാണെന്ന് കർഷകർ പറയുന്നു,
കേരളത്തിൽ കൂടുതൽ മാവ് കൃഷിയുള്ള പാലക്കാട്ടെ മുതലമടയിൽ പോലും സ്ഥിതി വ്യത്യസ്തമല്ല.ഏറ്റവും കൂടുതൽ മാങ്ങ വിപണിയിലെത്തുന്ന മാർച്ചിൽ പോലും തോട്ടങ്ങളിൽ 10 ശതമാനത്തിനടുത്ത് മാത്രമാണ് മാങ്ങയുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മുൻവർഷങ്ങളിൽ പ്രതിദിനം ശരാശരി 100 - 150 ടൺ മാങ്ങ ഉത്തരേന്ത്യൻ വിപണികളിലേക്ക് അയച്ചിരുന്നെങ്കിൽ ഈ സീസണിൽ 10 ടൺ മാങ്ങ പോലും ലഭിക്കാത്ത സ്ഥിതിയാണ്.മാമ്പഴ സീസൺ ആരംഭിക്കുന്ന ജനുവരി,ഫെബ്രുവരി മാസങ്ങളിൽ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി 5 ശതമാനം മാങ്ങ പോലും ലഭിച്ചിട്ടില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. മാമ്പഴത്തിന്റെ രാജ്യാന്തര വിപണിയിലും,ഡൽഹി വിപണിയിലും ഉയർന്ന വില ലഭിക്കുന്ന സമയത്തെ ഉത്പാദനക്കുറവ് കർഷകരെയും വ്യാപാരികളെയും കടക്കെണിയിലാക്കുന്നു.
ലക്ഷങ്ങൾ മുടക്കി തോട്ടം പാട്ടത്തിനെടുത്ത വ്യാപാരികൾക്ക് മുടക്ക് മുതൽ പോലും തിരിച്ചു കിട്ടാത്ത സ്ഥിതിയാണ്. പ്രതികൂല കാലാവസ്ഥയിൽ മൂന്ന് തവണ മാവുകൾ പൂവിട്ടതു കൊഴിഞ്ഞുപോയ തോട്ടങ്ങളുണ്ട്. മുതലമടയിലെ ചില മാന്തോപ്പുകൾ ഇത്തവണ ഒരു തവണ പോലും പൂവിട്ടതുമില്ല.നല്ല രീതിയിൽ ഉത്പാദനം നടക്കുന്ന സമയത്ത് മുതലമട കേന്ദ്രീകരിച്ചു മാത്രം 600 കോടിയോളം രൂപയുടെ വിറ്റുവരവു പതിവാണ്. ഇത്തവണ 100 കോടി രൂപ പോലും എത്തിയിട്ടില്ലെന്ന് വ്യാപാരികളും കർഷകരും പറയുന്നു.മുതലമട പഞ്ചായത്തുമായി ബന്ധപ്പെട്ടു 6,000 ഹെക്ടറോളം സ്ഥലത്തു മാമ്പഴ കൃഷിയുണ്ട്.