തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണകേരള മഹായിടവക വൈദിക സമ്മേളനത്തിൽ സ്ഥാനാർത്ഥികളുടെ അപ്രതീക്ഷിത സാന്നിദ്ധ്യം. തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് ആദ്യമെത്തിയത്. അദ്ദേഹം സംസാരിച്ചു നിൽക്കേ യു.ഡി.എഫ് പ്രതിനിധി ശശിതരൂരും, തൊട്ടു പിന്നാലെ ഇടതു മുന്നണി സ്ഥാനാർത്ഥി പന്ന്യൻരവീന്ദ്രനും എത്തി. തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ഊഴം കഴിഞ്ഞതോടെയാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി വി.എസ്.ജോയി എത്തിച്ചേർന്നത്.
എം.എം.സി.എസ്.ഐ ചർച്ചിൽ നടന്ന ചടങ്ങിൽ പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജെ.ജയരാജ്, അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി റ്റി.റ്റി.പ്രവീൺ എന്നിവർ പങ്കെടുത്തു. മഹായിടവകയിലെ 650ഓളം സഭകളെ പ്രതിനിധീകരിച്ചു വൈദികർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിന്റെ വികസന സാദ്ധ്യതകളെക്കുറിച്ച് സ്ഥാനാർത്ഥികൾ തങ്ങളുടെ കാഴ്ചപ്പാടുകൾ വിശദീകരിച്ചു.
വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി പ്രവീണിനെ ഇ.ഡി പേടിയിൽ നിന്ന് രക്ഷിക്കണമെന്ന് ഇടവക പുരോഹിതൻ ചടങ്ങിൽ പറഞ്ഞു. ഇന്ത്യാരാജ്യത്ത് തങ്ങളൊക്കെ ഉള്ളിടത്തോളം കാലം ഇ.ഡിയുടെ കാര്യത്തിൽ പേടി വേണ്ടെന്നായിരുന്നു മുൻ എം.എൽ.എ പി.സി. ജോർജിന്റെ ഉറപ്പ്. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ വേട്ടയാടുന്നതെന്നും തെറ്റായ മാർഗത്തിലൂടെ ഒരു രൂപയും സമ്പാദിച്ചിട്ടില്ലെന്നും റ്റി.റ്റി.പ്രവീൺ പറഞ്ഞു.