
തിരുവനന്തപുരം: 'ആരാ ആറ്റിങ്ങല് മ്മളെ സ്ഥാനാർത്ഥി... ജോയ്...ഓൻ എല്ലാത്തിനും ഉഷാറാ...ഓൻ മ്മളെ ആളാ...ഓനെ വോട്ട് കൊടുത്ത് ജയിപ്പിക്കണം...' .അത് സഖാവ്
നായനാരുടെ ശബ്ദമല്ലേ!.ആറ്റിങ്ങൽ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വി.ജോയിക്കു വേണ്ടി വോട്ടഭ്യർത്ഥിക്കുന്നത് വർഷങ്ങൾക്കു മുമ്പ് അന്തരിച്ച മുൻ മുഖ്യമന്ത്രി സാക്ഷാൽ ഇ.കെ.നായനാർ.
നിർമ്മിത ബുദ്ധിയുടെ(എ.ഐ) സഹായത്തിൽ നിർമ്മിച്ച വീഡിയോയിലൂടെയാണ് നായനാരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സി.പി.എം കളത്തിലിറക്കിയത്. നേതാവിന്റെ രൂപവും ഭാവവും മാത്രമല്ല ചുണ്ടനക്കവും കണ്ണൂർ സംസാര ശൈലി പോലും ഒപ്പിയെടുത്തിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഒറിജിനലല്ലെന്ന് ആരും പറയില്ല. 'നാട്ടുകാർക്ക് എന്തിനും പറ്റുന്നവനാ...പൈസേന്റെ ഏർപ്പാടും കൊണ്ട് പോയാ ഓൻ ഓടിക്കും..എന്ത് സഹായത്തിനും ഏത് സമയത്തും ഓൻ ഉണ്ടാവും..'വീഡിയോ അവസാനിക്കുന്നതിങ്ങനെ.
തിരുവനന്തപുരം ആസ്ഥാനമായ ബ്രിഡ്‌ജിംഗ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസ് എന്ന സ്റ്രാർട്ടപ്പ് കമ്പനിയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയ്ക്ക് പിന്നിൽ. ഇൻസ്റ്റഗ്രാമിൽ മാത്രം ആദ്യ ദിവസം തന്നെ രണ്ടുലക്ഷത്തിലേറെ പേർ വീഡിയോ കണ്ടു. ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറായ സ്റ്റേബിൾ ഡിഫ്യൂഷൻസ് ഉൾപ്പെടെ ഉപയോഗിച്ചാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. മലയാളികൾക്കിടയിൽ ജനകീയനായതാണ് ഇ.കെ.നായനാരുടെ വീഡിയോ ക്ലിക്കാവാൻ കാരണമെന്ന് സ്റ്റാർട്ടപ്പിന്റെ ഡയറക്ടറായ പ്രബോധ് അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് നായനാർ ജനങ്ങളുമായി സംവദിച്ച ഫയൽ വീഡിയോയാണ് ഇതിനായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ സംസാരശൈലി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്.
വെറുപ്പിന്റെ രാഷ്ട്രീയം വളർത്താൻ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഇടതുമുന്നണി വലിയ ആരാധകരുള്ള നായനാരെ പോലൊരു നേതാവിനെ പുനഃസൃഷ്ടിച്ചതെന്ന് എ.എ.റഹീം എം.പി പറഞ്ഞു. മറ്റ് പാർട്ടികളുടെ നേതാക്കളെയും സ്റ്റാർട്ടപ്പ് ഉടനടി കളത്തിലിറക്കും. ഒരാഴ്ച മുമ്പ് സമാനരീതിയിൽ തമിഴ്നാട്ടിൽ എടപ്പാടി കെ.പളനി സ്വാമിക്കു വേണ്ടി ,അന്തരിച്ച മുഖ്യമന്ത്രി ജയലളിത വോട്ട് അഭ്യർത്ഥിച്ചിരുന്നു.