general

ബാലരാമപുരം: തിരഞ്ഞെടുപ്പ് പോര് മുറുകുമ്പോൾ പാർലമെന്റ് മണ്ഡലത്തിലുടനീളം സഞ്ചരിച്ച് വോട്ടർമാരെ നേരിൽക്കണ്ട് സാന്നിദ്ധ്യമറിയിക്കുകയാണ് സ്ഥാനാർത്ഥികൾ. പ്രകടനപത്രിക വീടുതോറുമെത്തിച്ച് തങ്ങളുടെ തിരഞ്ഞെടുപ്പ് നയം വ്യക്തമാക്കിയാണ് മുന്നണികളുടെ പ്രചാരണം. വേനലിൽ കുളിർമഴ പെയ്ത് ചൂടിന്റെ കാഠിന്യത്തിന് അല്പം അയവു വന്നതോടെ സ്ഥാനാർത്ഥികളും ഉഷാറിലാണ്. പന്ന്യൻ രവീന്ദ്രന്റെ നെയ്യാറ്റിൻകര നിയോജക മണ്ഡലം പര്യടനം പ്ലാമൂട്ടുക്കട ജംഗ്ഷനിൽ ഡോ. എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. പുഷ്പകിരീടം അണിയിച്ച് പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകി. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,​ മാങ്കോട് രാധാകൃഷ്ണൻ,​ ടി.ശ്രീകുമാർ,​ എ.എസ്. ആനന്ദകുമാർ,​ നെല്ലിമൂട് പ്രഭാകരൻ,​ കെ.ശ്രീകുമാർ,​ കെ.കോമളദാസ്,​ നെയ്യാറ്റിൻകര രവി,​ കെ.എസ്. അനിൽ,​ ഡി.ആർ. വിനോദ്,​ ആറാലുംമൂട് മുരളീധരൻ നായർ,​ വിജയകുമാർ,​ കെ.കെ. ശ്രീകുമാർ,​ കാരോട് ശിവദാസ്,​ മേഘവർണൻ തുടങ്ങിയവർ പങ്കെടുത്തു. കാരോട്, ചെങ്കൽ, കുളത്തൂർ പഞ്ചായത്തുകളിലെ തോട്ടിൻകര, മര്യാപുരം, ഉദിയൻകുളങ്ങര, കൊറ്റാമം,അഞ്ചാലിക്കോണം, ആറയൂർ, പൊൻവിള, പൊറ്റയിൽക്കട, ഞാറക്കാല, ചെങ്കവിള, അയിര, ഊരമ്പ്, അമ്പനാവിള, ഒറ്റപ്ലാവിള, കാന്തല്ലൂർ, ചാരോട്ടുകോണം, വെൺകുളം, പഴയ ഉച്ചക്കട, പൊഴിയൂർ, വെട്ടുകാട് തുടങ്ങി അൻപതോളം സ്ഥലങ്ങളിൽ പന്ന്യൻ രവീന്ദ്രന് സ്വീകരണം നൽകി. ആറ്റുപുറത്ത് സമാപിച്ചു.

നെയ്യാറ്റിൻകരയിൽ അമിത്ഷാ പങ്കെടുക്കുന്ന റോഡ് ഷോയാണ് രാജീവ് ചന്ദ്രശേഖറുടെ ഇന്നത്തെ ആവേശപര്യടനം. കോവളം മണ്ഡലത്തിൽ ബി.ജെ.പിയുടെ ശക്തിപ്രകടനം കൂടിയാവും ഇന്നത്തെ റോഡ് ഷോ. വൻ സ്വീകരണമാണ് പ്രവർത്തകർ കേന്ദ്രമന്ത്രി അമിത്ഷായ്ക്കും രാജീവ് ചന്ദ്രശേഖറിനും ഒരുക്കിയത്. തിരുവനന്തപുരം സി.എസ്.ഐ നേതൃയോഗത്തിലും കഴിഞ്ഞ ദിവസം അദ്ദേഹം പങ്കെടുത്തു. വികസനം,​ പുരോഗതി,​ നിക്ഷേപം,​ തൊഴിൽ,​ നൈപുണ്യവികസനം എന്നിവയെക്കുറിച്ച് സംവദിച്ചു. സിനിമാതാരം ബൈജു സന്തോഷിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് ദമ്പതികൾക്ക് ആശംസകൾ നേർന്നു.

കോവളം മണ്ഡലത്തിൽ വിവിധ പ‌ഞ്ചായത്തുകളിൽ റോഡ് ഷോയിൽ വരും ദിവസങ്ങളിൽ ശശി തരൂർ പങ്കെടുക്കും. നാമനിർദേശപത്രിക സമർപ്പണം കഴിഞ്ഞതോടെ നിയോജകമണ്ഡല പര്യടനമാണ് വരും ദിവസങ്ങളിൽ നടക്കുന്നതെന്നും വോട്ടർമാരിൽ കഴിഞ്ഞ 15 വർഷമായി പൂർണ വിശ്വാസമുണ്ടെന്നും ഇക്കുറിയും ജനങ്ങളോടൊപ്പം തന്നെയാണ് താൻ നിലകൊള്ളുന്നതെന്നും എതിർപാർട്ടികളുടെ ഭീഷണികളെ തെല്ലും ഭയക്കുന്നില്ലെന്നും തരൂർ പറഞ്ഞു.