തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി അടുത്തതോടെ എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ വോട്ടർമാരിൽ ഭൂരിഭാഗത്തെയും നേരിട്ടുകാണാൻ സമയം കണ്ടെത്തുകയാണ്. ഇന്നലെ രാവിലെ നെയ്യാറ്റിൻകര മേലെ തെരുവ് മുത്താരമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിക്കൊണ്ടാണ് പ്രചാരണം ആരംഭിച്ചത്. ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നടക്കുന്നിടത്ത് എത്തിയപ്പോൾ സ്ത്രീകളും പുരുഷന്മാരുമടക്കം സ്ഥാനാർത്ഥിക്ക് ചുറ്റും കൂടി. ആരെയും നിരാശരാക്കാതെ എല്ലാവരോടും കുശലം പറഞ്ഞ് അടുത്ത സ്ഥലത്തേക്ക് നീങ്ങി.
ആനയറ ലോർഡ്സ് ആശുപത്രിയായിരുന്നു അടുത്ത ലക്ഷ്യം. അവിടെയെത്തിയപ്പോൾ ചെയർമാനും ചീഫ് സർജനുമായ ഡോ.കെ.പി.ഹരിദാസിന്റെ നേതൃത്വത്തിൽ വൻ സ്വീകരണം.ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചും നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ജീവനക്കാരോട് സംസാരിച്ചു.പിന്നാലെ പാളയം കല്യാൺ സിൽക്സിൽ വോട്ടഭ്യർത്ഥന. ജീവനക്കാരുമായി ആശയവിനിമയം നടത്തി.തൊഴിൽ സംബന്ധമായ അന്വേഷണങ്ങളും നടത്തി.
പിന്നീട് പാളയം ഡി.എസ്.ഐ എൽ.എം.എസ് പള്ളി സന്ദർശിച്ച അദ്ദേഹം കേരള മഹായിടവക വികാരികളുടെ പ്രതിമാസ യോഗത്തിലും പങ്കെടുത്തു.വൈകിട്ടായപ്പോഴേക്കും നഗരത്തിലെ പ്രശസ്തമായ, ശാസ്തമംഗലത്തെ ചന്ദ്രേട്ടന്റെ കടയിൽ നിന്ന് നീട്ടിയടിച്ച കടുപ്പത്തിലുള്ള ചായയും പഴംപൊരിയും. തുടർന്ന് ശ്രീരാമകൃഷ്ണ ആശ്രമം സന്ദർശിച്ച് മഠാധിപതി മോക്ഷ പ്രതാനന്ദ, മുൻ മഠാധിപതി ഗോലോകാനന്ദ എന്നിവരുമായി അല്പനേരം ചർച്ച.നേരം ഇരുട്ടിത്തുടങ്ങിയെങ്കിലും രാത്രി വൈകിയും പര്യടനം തുടർന്നു.