ബാലരാമപുരം: സംസ്ഥാനത്ത് നെയ്ത്ത് തൊഴിലിനേയും കൈത്തറി വ്യവസായത്തേയും തകർക്കാൻ രഹസ്യമായി ഗൂഢാലോചന നടക്കുന്നെന്ന് ഹാൻടെക്സ് എംപ്ലോയീസ് ഫെഡറേഷൻ സ്റ്റേറ്റ് പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.ജി.സുബോധൻ പറഞ്ഞു.ഹാൻടെക്സ് കരാർ തൊഴിലാളികളുൾപ്പെടെ 439 ജീവനക്കാർക്ക് ഇതേവരെ ശമ്പളം നൽകിയിട്ടില്ല.ഉത്പന്നം നൽകിയ വകയിൽ സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങൾക്ക് നൽകേണ്ട കുടിശ്ശിക 36 കോടി ഇതേവരെ വിതരണം ചെയ്തിട്ടില്ല. കൈത്തറി ജീവനക്കാരും കുടുംബാംഗങ്ങളും മന്ത്രിമാരുടെ വീട്ടുപടിക്കൽ അഖണ്ഡ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും അ‌ഡ്വ.ജി.സുബോധൻ പ്രസ്ഥാവനയിലൂടെ അറിയിച്ചു.