photo

നെടുമങ്ങാട്: കത്തുന്ന പകലിലും ആവേശം ചോരാതെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്. പ്രിയസാരഥിമാർക്ക് കരിക്കിൻ വെള്ളവും പഴവർഗങ്ങളും കരുതിവച്ച് ഏറെനേരത്തെ കാത്തുനിൽപ്പ്. ഒടുക്കം, ഇരുചക്ര വാഹനങ്ങളുടെയും വെടിക്കെട്ടിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ എത്തുന്ന സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വരവേല്പ് നൽകി മടക്കം. മൂന്ന് പ്രമുഖ സ്ഥാനാർത്ഥികളും സ്വീകരണ പര്യടനത്തിലേക്ക് കടന്നതോടെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ നാട്ടുവഴികളും നാൽക്കവലകളും തിരഞ്ഞെടുപ്പ് ഉത്സവത്തിന്റെ ആവേശത്തിലായി.

എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരന്റെ പര്യടനം പേയാട്‌ ജംഗ്‌ഷനിൽ ഉത്സവ പ്രതീതി സമ്മാനിച്ചു. സ്ഥാനാർത്ഥിക്കൊപ്പം കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ റോഡ്ഷോയിൽ പങ്കെടുത്തു. കഴിവുറ്റ നേതാവായ വി. മുരളീധരനെ ലോക്സഭയിൽ ആവശ്യമുണ്ടെന്നും ആറ്റിങ്ങലിലെ വോട്ടർമാർ പിന്തുണയ്ക്കണമെന്നും പര്യടനം ഉദ്‌ഘാടനം ചെയ്ത് ഡോ. ജയശങ്കർ അഭ്യർത്ഥിച്ചു. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ലാ സെക്രട്ടറി മുളയറ രതീഷ്, തമ്പാനൂർ സതീഷ്, ബി.ജെ.പി വക്താവ് പാലോട് സന്തോഷ്, കാട്ടാക്കട മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷ് തുടങ്ങിയവർ പങ്കെടുത്തു. പോത്തൻകോട് കാഞ്ഞാംപാറ ചിന്താലയ ആശ്രമത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് വി. മുരളീധരൻ പ്രചാരണം ആരംഭിച്ചത്. സാഹിത്യകാരൻ പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയെ വീട്ടിലെത്തിക്കണ്ട് അനുഗ്രഹം തേടി. പൂവച്ചൽ പങ്കജകസ്തൂരി യൂണിറ്റിലും സന്ദർശനം നടത്തി.

യു.ഡി.എഫിലെ അടൂർ പ്രകാശിന്റെ പര്യടനത്തിന് ഇന്ന് വിളപ്പിൽ പുളിയറക്കോണത്ത് എൻ. ശക്തൻ ഉദ്‌ഘാടനം ചെയ്യും. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലും ലത്തീൻ അതിരൂപത മരിയൻ എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലും അടൂർ പ്രകാശ് ഇന്നലെയെത്തി. വൈകിട്ട് ആറ്റിങ്ങലിൽ കെ.എസ്.യു സ്റ്റുഡന്റസ് മീറ്റിൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തി. കച്ചേരിനടയിലെ കടകളിലെത്തി വോട്ടഭ്യർത്ഥിച്ചു. കാട്ടാക്കട പുളിയറക്കോണത്ത് ആരംഭിക്കുന്ന സ്വീകരണ പര്യടനം രാത്രി മലയിൻകീഴിൽ സമാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ ശശിധരൻ നായർ, കൺവീനർ മലവിള ബൈജു, പേയാട് ശശി, സി.വേണു എന്നിവർ അറിയിച്ചു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ജോയി അരുവിക്കര നിയോജക മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. ഉഴമലയ്ക്കൽ, ആര്യനാട്, പറണ്ടോട്, തോളൂർ, വിതുര പ്രദേശങ്ങളിൽ വൻ ജനാവലി ജോയിയെ സ്വീകരിക്കാനെത്തി. എസ്റ്റേറ്റ് തൊഴിലാളികളും ആദിവാസി മൂപ്പന്മാരും ഊഷ്മള സ്വീകരണം നൽകി. രാവിലെ കൂന്താണിയിൽ തുടങ്ങിയ പര്യടനം രാത്രി വിതുര മരുതാമലയിൽ സമാപിച്ചു. ജി.സ്റ്റീഫൻ എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി ഷൗക്കത്തലി, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ് റഷീദ് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. ഇന്ന് വർക്കല മണ്ഡലത്തിലെ കല്ലമ്പലത്ത് തുടങ്ങി മടവൂരിൽ സമാപിക്കും.