
ബാലരാമപുരം: പൂങ്കോട് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂളിൽ അവധിക്കാല നീന്തൽ പരിശീലനത്തിന് തുടക്കമായി. കുട്ടികളിൽ കായികശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുരുഷന്മാർക്കും പെൺകുട്ടികൾക്കും പ്രത്യേക ട്രെയിനറെ വച്ചാണ് പരിശീലനം നൽകുന്നത്.രാവിലെ 6 മുതൽ 9വരെയും വൈകിട്ട് 4 മുതൽ 7വരെയുമാണ് പരിശീലനം.ലൈഫ് ഗാർഡുകളെയും നിയോഗിച്ചിട്ടുണ്ട്.നാല് വയസുമുതൽ കുട്ടികൾക്ക് നീന്തൽ പരിശീലനത്തിൽ പങ്കെടുക്കാം.രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്ന നീന്തൽ ക്യാമ്പ് മേയ് 31ന് സമാപിക്കും.നീന്തൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ച് വിജയികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.ഇതിനോടകം മുന്നൂറോളം വിദ്യാർത്ഥികൾ നീന്തൽ ക്യാമ്പിലെത്തിയിട്ടുണ്ട്.അവധിക്കാല നീന്തൽ പരിശീലനം പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് ഉദ്ഘാടനം ചെയ്തു. സ്വിമ്മിംഗ് ക്ലബ് ചെയർമാൻ സി.ആർ.സുനു അദ്ധ്യക്ഷത വഹിച്ചു.ക്ലബ് ഭാരവാഹികളായ അനുപമ രവീന്ദ്രൻ,ശിവന്തകരാജൻ തുടങ്ങിയവർ പങ്കെടുത്തു.