നെയ്യാറ്റിൻകര: സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മരിച്ചു. മാറനല്ലൂർ കൂവളശേരി നവോദയ ലെയിനിലെ ബ്ലെസിംഗ്‌ ഹൗസിൽ ഷീജ (41 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് ദേശീയപാതയിൽ നെയ്യാറ്റിൻകര ബസ്റ്റാൻഡിന് സമീപം അക്ഷയ കോംപ്ലക്‌സിനോട് ചേർന്ന പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം.സ്‌കൂട്ടറിൽ നെയ്യാറ്റിൻകര നിന്നു അമരവിള ഭാഗത്തേക്ക് പോകുകയായിരുന്ന ഷീജയുടെ സ്‌കൂട്ടറിന്റെ ഹാൻഡിലിൽ അമിത വേഗതയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടർ ബസിനടിയിലേക്ക് വീണു. ഇവരുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷീജ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.ഒരു സ്വകാര്യ മാർജിൻ ഫ്രീ ഷോപ്പിലെ സെയിൽസ് എക്സിക്യുട്ടീവ് ആണ് മരിച്ച ഷീജ. ഭർത്താവ് ഡൊമനിക് രണ്ട് വർഷം മുമ്പ് മരണപ്പെട്ടു. പ്ലസ് ടു വിദ്യാർത്ഥിയായ അഭിനന്ദ്, മൂന്നാം ക്ലാസ് വിദ്യാർത്ഥി ഷാരോൺ എന്നിവർ മക്കളാണ്. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ .