തിരുവനന്തപുരം: സ്വത്തുവിവരം മറച്ചുവച്ചെന്ന് ആരോപിച്ച് കോൺഗ്രസ് വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന പരാതിയുമായി തിരുവനന്തപുരം എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗളിനും തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസർ അദീല അബ്ദുല്ലയ്ക്കും പരാതി നൽകി. തിരഞ്ഞെടുപ്പു കമ്മിഷനും ഡൽഹി ഹൈക്കോടതിയും നേരത്തെ തള്ളിക്കളഞ്ഞ ഈ ആരോപണം കോൺഗ്രസ് വീണ്ടും പ്രചരിപ്പിക്കുന്നത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. താൻ രാജ്യസഭാ തിരഞ്ഞെടുപ്പു വേളയിൽ തിരഞ്ഞെടുപ്പ് കമ്മിഷനു മുമ്പാകെ തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന ആരോപണമാണ് കോൺഗ്രസ് അപകീർത്തികരമായ വീഡിയോയിലൂടെ പ്രചരിപ്പിച്ചത്. 2006 മുതൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുണ്ട്. ഒരു ഘട്ടത്തിലും സ്വത്തു വിവരങ്ങൾ സംബന്ധിച്ച സത്യവാങ്മൂലം തെറ്റാണെന്ന് തിരഞ്ഞെടുപ്പു കമ്മിഷനോ മറ്റു അധികാരികളോ കണ്ടെത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.