photo

നെയ്യാറ്റിൻകര: വേനലും ചൂടും ശക്തമായതോടെ നെയ്യാറ്റിൻകരയിലെ ഏലാകൾ വെള്ളമില്ലാതെ വറ്റിവരളുന്നു. നാവുനനയ്ക്കാൻ കുടിനീരിനായി ജനം നെട്ടോട്ടമോടേണ്ട അവസ്ഥ. മരുതത്തൂർ, കുളത്താമ്മൽ, ഇരുമ്പിൽ ഏലാകളിലെ കൃഷി അവതാളത്തിലായിട്ട് മാസങ്ങളായി. ഏലാകൾക്ക് വേണ്ട വെള്ളം സംഭരിക്കുന്ന അറതലച്ചിക്കുളം, നെടുന്തറക്കുളം, പട്ടിക്കാവിളക്കുളം, ഇരുമ്പിൽക്കുളം എന്നിവയിൽ വെള്ളം കിട്ടിയിട്ട് എട്ട് മാസത്തോളമായി. നെയ്യാറിന്റെ ഇടതു കനാലിൽ നിന്ന് ഈ പ്രദേശങ്ങൾക്ക് നൽകാനായി കൊണ്ടുവരുന്ന വെള്ളം പാഴായി പോകുന്നു എന്ന കാരണം പറഞ്ഞാണ് മലയിൽക്കടയിൽ വെള്ളം തടഞ്ഞുവച്ചിരിക്കുന്നത്. മലയിൽക്കടയിൽ വെള്ളം കനാലിന്റെ ഇരുവശത്തേക്കും ഒഴുകുന്നതാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്. കനാൽ മണ്ണ് മൂടി കിടക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. കനാലിലെ മണ്ണ് നീക്കം ചെയ്യാൻ സംവിധാനമൊന്നും ഇതുവരെയും ചെയ്തിട്ടില്ല.

പരാതികൾ ഏറെ

മരുതത്തൂർ, കുളത്താമ്മൽ, ഇരുമ്പിൽ ഏലാകളിൽ വേനൽ കനക്കുമ്പോൾ കർഷകർക്ക് ഏക ആശ്രയം നെയ്യാർ ഡാമിൽ നിന്ന് വരുന്ന വെള്ളമാണ്. കാടുപിടിച്ചും ചെളി നിറഞ്ഞും ശോചനീയാവസ്ഥയിലാണ് ഇവിടുത്തെ കുളങ്ങൾ. ഇതിനിടയിൽ ജില്ലയിലെ വലിയ കുളങ്ങളിൽ ഒന്നായ അറതലച്ചിക്കുളം കേന്ദ്ര സർക്കാരിന്റെ പണികൾക്ക് വേണ്ടി വെള്ളം കടത്തിവിടുന്നില്ലെന്നും പരാതിയുണ്ട്. ഇതിനിടയിൽ മരുതത്തൂർ ഏലായിലെ കർഷകർ ഒപ്പിട്ട് നെയ്യാർ ഇറിഗേഷൻ പ്രോജക്റ്റിന് നൽകിയ പരാതി അധികൃതർ കണ്ടതായി ഭാവിച്ചിട്ടില്ലെന്നും ആക്ഷേപമുയരുന്നു.

 ശാപമോക്ഷം കിട്ടാതെ നെടുന്തറക്കുളത്തിനും പട്ടിക്കാവിള കുളവും

 വേനൽ കനക്കുന്നതോടെ വെള്ളം ഒട്ടും കിട്ടാതെയായി

 നൂറേക്കർ കൃഷിയിടങ്ങളാണ് ജലം ലഭിക്കാതെ നശിച്ചു

 വയലുകൾ വിണ്ടുകീറി തുടങ്ങി. പച്ചക്കറികളെല്ലാം പാകമാകുന്നതിന് മുമ്പേ കരിഞ്ഞുണങ്ങി.

 വെള്ളവും നിലച്ചു

അരുവിപ്പുറത്തിന് താഴെ തവരവിളയിൽ നിന്നും മണ്ണംകുഴിയിൽ അവസാനിക്കുന്നതാണ് കൃഷിയിടം. നൂറുകണക്കിന് വാഴകൾ തടയൊടിഞ്ഞ് നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതുകാരണം കർഷകരുടെ ജീവിതം ദുരിതത്തിലാണ്. വെള്ളം കെട്ടിനിറുത്താത്തതാണ് കൃഷിയിടങ്ങൾ നശിക്കാൻ കാരണം. വെള്ളം ഒഴുക്കിവിടാൻ നിർമ്മിച്ച കോൺക്രീറ്റ് ഓടകൾ ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞു. അതിനാൽ അവയിൽ നിന്നും കിട്ടുന്ന ജലവും നിലച്ചു.

 ഒഴുക്കും നിലച്ചു

വയലുകളുടെ ഭാഗത്തെ തണീർത്തടങ്ങളിൽ ജലം ഇല്ലാതെയായി നിരവധി ദേശാടനപ്പക്ഷികൾ ഇവിടെ വരുന്നത് പതിവായിരുന്നു. ഇപ്പോൾ അവയൊന്നും ഇവിടെ കാണാറില്ല. മരുതത്തൂർ ഏലായിലെ മൂന്ന് ഭാഗങ്ങളിൽ നടുത്തോടുവരമ്പിലൂടെ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത അവസ്ഥയിലാണ്.