v-joy

വർക്കല: ജനഹൃദയങ്ങൾ കീഴടക്കി സ്ഥാനാർത്ഥികളുടെ പ്രചാരണം മുന്നേറുന്നു.വർക്കല നിയോജക മണ്ഡലത്തിലായിരുന്നു ഇന്നലെ ഇടത് സ്ഥാനാർത്ഥി വി.ജോയിയുടെ പര്യടനം.കല്ലമ്പലത്ത് നിന്നാരംഭിച്ച സ്വീകരണ പരിപാടികളിൽ വൻ ജനപങ്കാളിത്തമാണുണ്ടായിരുന്നത്.

പള്ളിക്കൽ,മടവൂർ,നാവായിക്കുളം പഞ്ചായത്തുകളിലെ 40 ഓളം കേന്ദ്രങ്ങളിൽ പ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു.സി.പി.എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വർക്കല കഹാറിന്റെ ഭാര്യാസഹോദരനും കോൺഗ്രസ് നേതാവുമായ ഇടവാ തെക്കേവിളയിൽ റഷീദിനെ വി.ജോയി ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് - ആർ.എസ്.എസ് ബന്ധം ഉപേക്ഷിച്ചെത്തിയ നൂറോളം പേർ പര്യടനത്തിൽ പങ്കെടുത്തതോടെ ആവേശം അലതല്ലി. രാത്രിയോടെ മടവൂർ ടൗണിൽ പര്യടനം സമാപിച്ചു. ആറ്റിങ്ങലിൽ ജോയിയുടെ വിജയം ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച അഭിഭാഷക കൂട്ടായ്മ എ.എ.റഹീം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരുന്നൂറോളം അഭിഭാഷകർ പങ്കെടുത്തു.വ്യത്യസ്തമായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യാനും കൂട്ടായ്മ തീരുമാനിച്ചു. വർക്കല മണ്ഡലത്തിലെ മണമ്പൂർ,ഒറ്റൂർ,ചെറുന്നിയൂർ, വക്കം എന്നീ പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം.

യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ കഴിഞ്ഞദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണം കാട്ടാക്കട വിളപ്പിലിൽ മുൻ സ്പീക്കർ എൻ.ശക്തൻ ഉദ്ഘാടനം ചെയ്‌തു.ആയിരക്കണക്കിന് ജനങ്ങളാണ് പര്യടനത്തിന്റെ ഭാഗമായി വിളപ്പിൽ എത്തിച്ചേർന്നത്. ചിറയിൻകീഴ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു ഉദ്ഘാടനം ചെയ്തു.അരുവിക്കര മണ്ഡലത്തിലെ വിതുര,തൊളിക്കോട്,ഉഴമലയ്ക്കൽ,ആര്യനാട് എന്നീ പഞ്ചായത്തുകളിലാണ് ഇന്ന് അടൂർ പ്രകാശിന്റെ പര്യടനം.

കാപ്പിൽ ഭഗവതി ക്ഷേത്രദർശനത്തോടെയാണ് വി.മുരളീധരൻ ഇന്നലെ പര്യടനത്തിന് തുടക്കം കുറിച്ചത്.ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവും കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ജി.കൃഷ്ണകുമാർ പര്യടനം ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പിയുടെ സ്ഥാപന ദിനാഘോഷവും ഇടവയിൽ നടന്നു.വെൺകുളം എൻ.എസ്.എസ് കരയോഗത്തിന് സമീപം നടന്ന ചടങ്ങിൽ വി.മുരളീധരൻ പതാകയുയർത്തി.ചിറയിൻകീഴ്,മേനംകുളം,മുരുക്കുംപുഴ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും മുരളീധരൻ പര്യടനം നടത്തി.