വർക്കല: ബീച്ചുകളിൽ തെരുവുനായ്‌ക്കളുടെ ശല്യം വർദ്ധിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കടിയേറ്റത് 22 പേർക്കാണ്. സഞ്ചാരികൾക്കും നാട്ടുകാർക്കും തെരുവുനായ്‌ക്കൾ ഒരുപോലെ ഭീഷണിയാവുകയാണ്. പാപനാശത്ത് ബലിതർപ്പണത്തിനെത്തിയ കൊല്ലം സ്വദേശി സച്ചിനും തമിഴ്‍നാട് സ്വദേശികളായ മറ്റു രണ്ടുപേർക്കും ഇന്നലെ തെരുവുനായയുടെ കടിയേറ്റു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നായയുടെ കടിയേറ്റ 10 പേരാണ് ചികിത്സതേടി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിയത്. നോർത്ത് ക്ലിഫ് പ്രദേശത്ത് ഇക്കഴിഞ്ഞ മാർച്ച് 25, 26 തീയതികളിൽ വിദേശികളുൾപ്പെടെ 12 ഓളംപേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പേവിഷബാധയുള്ള നായ്‌ക്കൾ വിനോദസഞ്ചാര മേഖലകളിൽ അലഞ്ഞുതിരിയുന്നുവെന്ന പരാതികൾ വ്യാപകമായതോടെ നഗരസഭ ആരോഗ്യ വിഭാഗവും മൃഗാശുപത്രി അധികൃതരും പ്രദേശത്ത് പരിശോധന നടത്തി. ബലിമണ്ഡപത്തിനു സമീപത്തു നിന്നും ഡോഗ് ക്യാച്ചേഴ്സിന്റെ സഹായത്തോടെ പിടികൂടിയ നായ്‌ക്കളിൽ ലക്ഷണം സ്ഥിരീകരിച്ച ഒരു നായയെ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറുടെയും മൃഗഡോക്ടറുടെയും നേതൃത്വത്തിൽ മരുന്ന് ഇൻജക്‌ട് ചെയ്‌ത് കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഇക്കഴിഞ്ഞ നവംബറിലും മാർച്ചിലുമായി നഗരസഭയിലെ 33 വാർഡുകളിലായി 267 തെരുവുനായ്‌ക്കൾക്ക് വാക്സിനേഷൻ നൽകിയതായി മൃഗാശുപത്രി അധികൃതർ അറിയിച്ചു.
പുനരധിവാസ കേന്ദ്രങ്ങൾ ഒരുക്കണം
വാക്സിനേഷൻ ഡ്രൈവുകൾ മുറയ്‌ക്ക് നടക്കുന്നുണ്ടെങ്കിലും നായ്‌ക്കളുടെ പുനരധിവാസ കേന്ദ്രങ്ങളുടെ അഭാവം വർക്കലയിൽ തെരുവുനായ്‌ക്കളുടെ ശല്യം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വിദേശികൾ ഉൾപ്പെടെയുള്ളവർ നായ്ക്കൾക്കായുള്ള സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കാൻ തയ്യാറാണെങ്കിലും ഇതിനാവശ്യമായ ഇടം കണ്ടെത്താൻ കഴിയുന്നില്ല.
എ.ബി.സി പദ്ധതി പൂർണമായിട്ടില്ല
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനുമായി ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത പദ്ധതിയാണ് അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം. നായ്ക്കളുടെ വന്ധ്യംകരണവും വാക്സിനേഷനുമാണ് കൂടുതൽ അഭികാമ്യമെന്നതിനാലാണ് പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. 2022-23 വർഷത്തിൽ പദ്ധതിക്കായി നഗരസഭ ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞില്ല. ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ലെന്നാരോപിച്ച് നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാർ മാസങ്ങൾക്ക് മുമ്പ് പ്രതിഷേധ സമരം നടത്തിയിരുന്നു. സമീപ പഞ്ചായത്തുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. ചെമ്മരുതി പഞ്ചായത്തിൽ എ.ബി.സി കേന്ദ്രത്തിന്റെ 80 ശതമാനത്തോളം ജോലികൾ പൂർത്തിയായിട്ടുണ്ട്. ചെമ്മരുതി പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതിന് നഗരസഭ 10ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളതായി ചെയർമാൻ കെ.എം.ലാജി പറഞ്ഞു.