photo

പാലോട്: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിലെ ഗീതാ പ്രിജിക്ക്. വൈസ് പ്രസിഡന്റായിരുന്ന വസന്ത രാജിവച്ചതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസിനെ ഭാഗ്യം തുണച്ചത്. എൽ.ഡി.എഫ്-ഏഴ്, യു.ഡി.എഫ്-എട്ട്, ബി.ജെ.പി- ഒന്ന് എന്നിങ്ങനെയാണ് അംഗങ്ങൾ. കഴിഞ്ഞ ദിവസമുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വസന്ത തിരഞ്ഞെടുപ്പിന് എത്തിയില്ല. ബി.ജെ.പി അംഗം വിട്ടുനിന്നു. തുടർന്ന് അംഗസംഖ്യ തുല്യമായതിനാൽ നറുക്കെടുപ്പ് നടത്തുകയും യു.ഡി.എഫ് സ്ഥാനാർത്ഥി ഗീതാപ്രിജിയെ ഭാഗ്യം കടാക്ഷിക്കുകയുമായിരുന്നു. ഗീതാപ്രിജി ചിപ്പൻചിറ വാർഡ് മെമ്പറാണ്.

ഷൈന ആയിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. ലീഗ് സ്വതന്ത്ര നസീമ ഇല്യാസിനെയായിരുന്നു യു.ഡി.എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം നിർദ്ദേശിച്ചതെങ്കിലും, അവസാനനിമിഷം ഗീതാ പ്രിജിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. യു.ഡി.എഫ് ഭരണത്തിലിരുന്ന പഞ്ചായത്തിൽ പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് അംഗങ്ങൾ ആഴ്ചകൾക്കു മുൻപ് രാജിവച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു. പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിട്ടുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും ഈ വിഭാഗത്തിലെ പ്രതിനിധി ഇല്ലാത്തതിനാൽ ഭരണം സി.പി.എമ്മിന് ലഭിക്കുകയായിരുന്നു.

ആഹ്ളാദ പ്രകടനം നടത്തി

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗീതാ പ്രിജിക്ക് അഭിവാദ്യമർപ്പിച്ച് ആഹ്ളാദപ്രകടനം. ഡി.സി.സി ജനറൽ സെക്രട്ടറി ഡി.രഘുനാഥൻ നായർ,മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി, കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീർ.ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇടവം ഖാലിദ്, പഞ്ചായത്ത് മെമ്പർമാരായ പി.എൻ.അരുൺകുമാർ, നസീമ ഇല്യാസ്, ഷാൻ തടത്തിൽ, ഷീജ ഷാജഹാൻ, ഷീബ ഷാനവാസ്, ഭാസുരാംഗി, ഇടവം ഷാനവാസ്, നജീം പെരിങ്ങമ്മല,കൊച്ചുവിള അൻസാരി തുടങ്ങിയവർ നേതൃത്വം നല്കി.