
തിരുവനന്തപുരം: മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികളുടെ പത്രികകൾ സൂക്ഷ്മപരിശോധനയിൽ അംഗീകരിച്ചതോടെ തിരഞ്ഞെടുപ്പിൽ ചിത്രംതെളഞ്ഞു. മൂന്ന് മുന്നണികൾക്കും അനുകൂലമായും പ്രതികൂലമായും വിഷയങ്ങൾ മാറിമറിയുകയാണ്.
ഭരണമുന്നണിയായ എൽ.ഡി.എഫ് പൗരത്വഭേദഗതി പ്രധാന അജണ്ടയാക്കി ബി.ജെ.പിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ചുകൊണ്ടാണ് ജനങ്ങളിലേക്കിറങ്ങിയത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതും വിഷയമാക്കി.എന്നാൽ, വോട്ടെടുപ്പ് അടുത്തുവരുംതോറും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ പൊന്തിവരുകയാണ്. ബോംബ്നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ സി.പി.എം അനുഭാവി കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലുണ്ടായ സംഭവം. കാസർകോട് റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതേവിട്ടതാണ് മറ്റൊന്ന്.പൂക്കോട് വെറ്ററിനറികോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവും അതിൽ എസ്.എഫ്.ഐ പ്രതിക്കൂട്ടിലായതും മുന്നണിയെ പ്രതിരോധത്തിലാക്കി.സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തുടർനടപടികളിൽ വീഴ്ച സംഭവിച്ചത് മറ്റൊരു തിരിച്ചടിയായി. ഇ.പി ജയരാജന്റെ കുടുംബത്തിന്റെ ബിസിനസ് ബന്ധം ബി.ജെ.പി- സി.പി.എം അന്തർധാരയായി യു.ഡി.എഫ് വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയുംചെയ്തു.
എങ്കിലുംകേന്ദ്രംകൊണ്ടുവന്ന പൗരത്വഭേദഗതിയിൽ നങ്കുരമിട്ടാണ് എൽ.ഡി.എഫ് മുന്നോട്ട് നീങ്ങുന്നത്.
ഇത്തരത്തിൽ വീണുകിട്ടിയ വിഷയങ്ങളാണ് എൽ.ഡി.എഫിനെതിരായി യു.ഡി.എഫ്ആയുധമാക്കുന്നത്. ഇതിനുപുറമേ,കോഴിക്കോട് മെഡിക്കൽ കാേളേജിൽ അതിജീവിതയ്‌ക്കൊപ്പം നിലയുറപ്പിച്ച നഴ്‌സ് അനിതയെ സർക്കാർ വേട്ടയാടുന്നു എന്ന വിഷയവും വീണുകിട്ടി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണത്തിലെ പോരായ്മകളും ക്ഷേമപെൻഷൻ മുടക്കം എന്നിവയും യു.ഡി.എഫ് ഉന്നയിക്കുന്നുണ്ട്.
അതേസമയം, എസ്.ഡി.പി.ഐ അപ്രതീക്ഷിതമായി യു.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചതും വയനാട്ടിൽ പത്രികാ സമർപ്പണത്തിന് രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയിൽ നിന്ന് ലീഗ് കൊടികൾ ഒഴിവാക്കിയതും എതിരാളികൾക്ക് കൈയിൽ ആയുധം കൊടുത്തതിന് സമമായി. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്കും തിരിച്ചടിയാണ്.
മോദി സർക്കാരിന്റെ നേട്ടങ്ങൾ പരിചയാക്കിയും ഭരണമുന്നണിയുടെ കോട്ടങ്ങൾ ഉയർത്തിക്കാട്ടിയും യു.ഡി.എഫിനെ വിമർശിച്ചുമാണ് ബി.ജെ.പി പ്രചാരണം. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ എന്നിവിടങ്ങളിൽ ത്രികോണമത്സരം സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ പിന്തുണ യു.ഡി.എഫിനെതിരെ ഉപയോഗിക്കുമ്പോൾ കരുവന്നൂരടക്കമുള്ള സഹകരണബാങ്കുകളിലെ ക്രമക്കേടിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എൽ.ഡി.എഫിനെതിരെയുള്ള ആയുധമാണ്. പൗരത്വഭേദഗതി, ഹിന്ദുത്വവൽക്കരണം, മോദി സർക്കാരിന്റെ വാഗ്ദാനലംഘനം തുടങ്ങിയവ ചൂണ്ടിക്കാട്ടി എതിരാളികൾ നടത്തുന്ന പ്രചാരണത്തിൽ എങ്ങനെ പിടിച്ചുനിൽക്കും എന്നതാണ് എൻ.ഡി.എ നേരിടുന്ന വെല്ലുവിളി.