general

തിരുവനന്തപുരം:എഴുത്തുകാരൻ വിനു എബ്രഹാമിന്റെ കാൽനൂറ്റാണ്ട് പിന്നിട്ട ​സർഗജീവിതത്തെ ആസ്പദമാക്കി എം.മുഹമ്മദ് സലീം രചനയും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററി 'കഥയാണിത് ജീവിതം' സൂര്യഫെസ്റ്റിവലിൽ ഇന്ന് അവതരിപ്പിക്കും. 53 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി ഗണേശത്തിൽ രാത്രി 7.15ന് പ്രദർശിപ്പിക്കും. ജനുവരിയിൽ ഭാരത് ഭവനിൽ പതിനാറാമത് കോൺടാക്ട് ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരവും നേടിയിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് ആദ്യ പ്രദർശനം നിർവഹിച്ചത്. ബീമ സലീം നിർമ്മിച്ച ഡോക്യുമെന്ററിയുടെ ക്യാമറ അനിൽ ശ്രീരാഗവും സംഗീതം ബാലു മാവുങ്കലുമാണ് നിർവഹിച്ചിരിക്കുന്നത്. വിനു എബ്രഹാം ഇതിനോടകം ഇരുന്നൂറോളം കഥകളും നാല് നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.