ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവച്ചു
തിരുവനന്തപുരം: ജില്ലാ പഞ്ചായത്തംഗവും കെ.പി.സി.സി മുൻ അംഗവുമായ വെള്ളനാട് ശശി സി.പി.എമ്മിൽ ചേർന്നു. ആറ്റിങ്ങൽ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ ബി.ജെ.പി ബന്ധത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ടതെന്നാണ് ശശിയുടെ വാദം. വെള്ളനാട് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ശശി പദവി രാജിവച്ചാണ് സി.പി.എമ്മിൽ ചേർന്നത്. ദീർഘകാലം വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചിരുന്നു.
ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ വെള്ളനാട് ശശിയെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ചുവന്ന ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു. കോൺഗ്രസിന്റെ തെറ്റായ പോക്കിൽ പ്രതിഷേധിച്ച് ഇനിയും ആളുകൾ വരുമെന്നും ശശിയെ സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
സി.പി.എം അനുവദിച്ചാൽ ജില്ലാ പഞ്ചായത്തിലേക്ക് ഇനിയും മത്സരിക്കുമെന്ന് വെള്ളനാട് ശശി പ്രതികരിച്ചു. അഴിമതിയുടെ രാഷ്ട്രീയമാണ് കോൺഗ്രസിൽ. പാർട്ടി തന്നെ ഒരുപാട് ഉപദ്രവിച്ചു.
അതേസമയം,വെള്ളനാട് സഹകരണബാങ്ക് ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ശശിയെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി വാർത്താക്കുറിപ്പിറക്കി. വെള്ളനാട് ഡിവിഷനിൽ നിന്ന് ജില്ലാപഞ്ചായത്തിലേക്ക് ജയിച്ച ശശി പലതവണ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതിന് ശിലാഫലകം അടിച്ചു തകർത്തതിന് ശശിക്കെതിരെ കേസെടുത്തിരുന്നു. കോൺഗ്രസിന്റെ വനിത പഞ്ചായത്ത് പ്രസിഡന്റിനെ ഓഫീസിൽ കയറി അസഭ്യം പറഞ്ഞതിന് ശശിക്കെതിരെ കെ.പി.സി.സി അച്ചടക്കനടപടിയെടുത്തിരുന്നു. സഹോദരനും വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വെള്ളനാട് ശ്രീകണ്ഠനുമായി പൊതുവേദിയിൽ കൈയാങ്കളി നടത്തിയും വിവാദത്തിൽപ്പെട്ടിരുന്നു.