
നെടുമങ്ങാട് : വിളപ്പിൽ പുളിയറക്കോണത്ത് സിറ്റിംഗ് എം.പി അടൂർ പ്രകാശിന്റെ ത്രിവർണയാനം ഇന്നലെ രാവിലെ ആഘോഷപൂർവം പുറപ്പെടുമ്പോൾ, വിളിപ്പാടകലെ വെള്ളനാട്ട് ഒരു രാഷ്ട്രീയ അമിട്ട് പൊട്ടി. ജില്ലാപഞ്ചായത്തംഗവും കെ.പി.സി.സി എക്സിക്യുട്ടീവ് അംഗവുമായ വെള്ളനാട് ശശി കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ. സ്ഥാനാർത്ഥി ബി.ജെ.പിയിൽ ചേരാൻ തയ്യാറായി നിൽക്കുന്നു, അതിനുമുമ്പ് താൻ കളം വിടുന്നുവെന്നാണ് ദീർഘകാലം കോൺഗ്രസിനെ നയിച്ച ശശിയുടെ വെളിപ്പെടുത്തൽ. ഇടത് പാളയത്തിൽ ആഹ്ലാദം അലതല്ലി. ലഡു വിതരണവും അനുമോദനവും എന്നാൽ 'നോ കമന്റ്സ്" എന്ന മട്ടിൽ ചിരിച്ചുതള്ളി വികസനനേട്ടങ്ങൾ എണ്ണിപ്പറയുന്നതിലായിരുന്നു അടൂർ പ്രകാശിന്റെ ശ്രദ്ധ. പര്യടനവേളയിൽ ഒരിടത്തും പാർട്ടി വിട്ടവരെപ്പറ്റി സ്ഥാനാർത്ഥി മിണ്ടിയില്ല. പര്യടനം മുൻ സ്പീക്കർ എൻ.ശക്തൻ ഉദ്‌ഘാടനം ചെയ്തു. ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അമ്പതോളം കേന്ദ്രങ്ങളിൽ അടൂർ പ്രകാശിന് സ്വീകരണം ലഭിച്ചു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള, കൺവീനർ വർക്കല കഹാർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സുബോധൻ, ആർ.വി.രാജേഷ്, മലയിൻകീഴ് വേണുഗോപാൽ, എൽ.അനിത,വിളപ്പിൽശാല ശശിധരൻ നായർ,പേയാട് ശശി, സഞ്ജയ് കുമാർ, മനീഷ് രാജ്, വണ്ടന്നൂർ സന്തോഷ്, ശോഭന തുടങ്ങിയവർ പങ്കെടുത്തു. ചിറയിൻകീഴ് മണ്ഡലം തിരഞ്ഞെടുപ്പ് ഓഫീസ് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു ഉദ്ഘാടനം ചെയ്തു. ജെഫേഴ്സൺ അദ്ധ്യക്ഷത വഹിച്ചു.കെ.ആർ അഭയൻ, എം.എസ് നൗഷാദ്, എം.ജെ ആനന്ദ്, കെ.പി.രാജശേഖരൻ, കെ.എസ് അജിത് കുമാർ, കൃഷ്ണകുമാർ, ബി.എസ് അനൂപ്,ചന്ദ്രബാബു എന്നിവർ സംസാരിച്ചു. രാത്രി കുണ്ടമൺകടവിൽ സമാപിച്ച സ്വീകരണ പര്യടനം ഇന്ന് രാവിലെ കല്ലാറിൽ പുനരാരംഭിക്കും. കെ.എസ്.ശബരിനാഥൻ ഉദ്‌ഘാടനം ചെയ്യും. ആര്യനാട്, വിതുര, തൊളിക്കോട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം.
'ജോയി അണ്ണൻ എത്തുന്നു" എന്ന അനൗൺസ്‌മെന്റ് വാചകം ആവേശപൂർവം ഏറ്റെടുക്കുകയാണ് എൽ.ഡി.എഫ് പ്രവർത്തകർ. കല്ലമ്പലത്ത് തുടങ്ങിയ വി.ജോയിയുടെ പര്യടനത്തെ ചൂട് വകവയ്ക്കാതെ ചെങ്കൊടി ഏന്തിയ വിദ്യാർത്ഥികളും യുവജനങ്ങളും ഇരുചക്രവാഹനങ്ങളിൽ പിന്തുടർന്നു. ആറയിൽ ഉച്ചവിശ്രമത്തിന് ശേഷം ഇരുപതോളം കേന്ദ്രങ്ങൾ പിന്നിട്ട് രാത്രി മടവൂർ ടൗണിൽ സമാപിച്ചു. വി.ജോയിയുടെ വിജയത്തിനായി ഇടത് അഭിഭാഷക സംഘടനകളുടെ കൺവെൻഷൻ ചേർന്നു. എ.എ.റഹിം എം.പി ഉദ്‌ഘാടനം ചെയ്തു. വി.പി.ഉണ്ണികൃഷ്ണൻ,പള്ളിച്ചൽ പ്രമോദ്, ജി.എസ്.കുമാരി, കെ.ഒ.അശോകൻ, വർക്കല രവികുമാർ, നെടുമങ്ങാട് മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് പോത്തൻകോട് തിരഞ്ഞെടുപ്പ് യോഗം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യും.
കാപ്പിൽ ഭഗവതിയെ തൊഴുതാണ് എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ പര്യടനത്തിന് തുടക്കം കുറിച്ചത്. വർക്കല മണ്ഡലത്തിൽ അമ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു.ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവും കൊല്ലം സ്ഥാനാർത്ഥിയുമായ ജി.കൃഷ്ണകുമാർ പര്യടനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സ്ഥാപക ദിനാഘോഷവും നടന്നു. ഇടവ,ഇലകമൺ, കഠിനംകുളം, മേനംകുളം, മുരുക്കുംപുഴ മേഖലകളിൽ പര്യടനം പൂർത്തിയാക്കി രാത്രി പത്തരയോടെ ഭാവന ജംഗ്‌ഷനിൽ സമാപിച്ചു. നാളെ വാമനപുരം, 9 ന് ആര്യനാട്, 10 ന് ആറ്റിങ്ങൽ,11 ന് കടയ്ക്കാവൂർ, 12 ന് നെടുമങ്ങാട്, 13 ന് അരുവിക്കര എന്നിങ്ങനെയാണ് സ്വീകരണം.