ശംഖുംമുഖം: വിലങ്ങുമായി ട്രെയിനിൽനിന്ന് രക്ഷപ്പെട്ട കർണാടകയിലെ കൊലക്കേസ് പ്രതി തലസ്ഥാനത്ത് പിടിയിൽ. നെടുമങ്ങാട് ആനാട് ഇളവട്ടം സ്വദേശി അൻസാരിയാണ്(38) വലിയതുറ പൊലീസിന്റെ പിടിയിലായത്. കർണാടകയിലെ ബൊഹനഹള്ളി സ്റ്റേഷൻപരിധിയിൽ വൃദ്ധയെ ഡമ്പൽ കൊണ്ട് തലയ്ക്കടിച്ച് കൊന്നശേഷം കഴുത്തിൽ കിടന്ന മാല മോഷ്ടിച്ച കേസിൽ പൊലീസ് പിടിയിലായ ഇയാൾ കർണാടകയിൽ ജയിലിലായിരുന്നു. ഇയാൾക്കെതിരെ പൂന്തുറ പൊലീസ് മയക്കുമരുന്ന് കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണയ്ക്കായി ഇയാളെ വഞ്ചിയൂർ കോടതിയിൽ എത്തിക്കാൻ കർണാടക പൊലീസ് ട്രെയിൻമാർഗം തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ ഏപ്രിൽ ഒന്നിനാണ് കോയമ്പത്തൂരിൽ വച്ച് കൈവിലങ്ങുമായി പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞത്. കർണാടക പൊലീസിന്റെ പരാതി പ്രകാരം കോയമ്പത്തൂർ റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് തമിഴ്നാട്ടിലെയും കേരളത്തിലെയും പൊലീസിന് പ്രതി രക്ഷപ്പെട്ട വിവരം കൈമാറി. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെ പ്രതി തീരദേശമേഖലയിൽ ഉണ്ടെന്ന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ വലിയതുറ ഭാഗത്തുണ്ടെന്ന് തിരിച്ചറിഞ്ഞു. വലിയതുറ എസ്.എച്ച്.ഒ. അശോക്‌കുമാർ, എസ്.ഐ.ശരത്‌ലാൽ. എസ്, സിനീയർ സിവിൽ പൊലീസ് ഓഫീസർമാരയ സവിത്, ഷിബി, വരുൺഘോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ഉപദ്രവിച്ച് കടന്നുകളയാൻ ശ്രമിച്ച ഇയാളെ പൊലീസ് മൽപ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു. വലിയതുറ സ്റ്റേഷനിലെത്തിച്ച് തമിഴ്നാട് പൊലീസിനെ വിവരം അറിയിച്ചു. ഇന്നലെ ഉച്ചയോടെ തമിഴ്നാട്ടിൽ നിന്ന് പൊലീസ് സംഘമെത്തി ഇയാളെ കസ്റ്റഡിലെടുത്ത് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. കോയമ്പത്തൂരിൽ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട കേസിലാണ് തമിഴ്നാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.