തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ താന്ത്രികചടങ്ങായ മണ്ണുനീർ കോരൽ ചടങ്ങ് നടന്നു.12ന് കൊടിയേറ്റോടെ ഉത്സവം ആരംഭിക്കും.14ന് രാവിലെ വിഷുക്കണി ദർശനം. ഇന്നലെ സന്ധ്യയ്ക്ക് പടിഞ്ഞാറെ നടയിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്നാണ് മണ്ണുനീർ കോരി ക്ഷേത്രത്തിലെത്തിച്ചത്. മുളപൂജയ്ക്കായി കൊടിയേറ്റുദിവസം രാവിലെ വീണ്ടും മണ്ണുനീർ കോരും. 10ന് ബ്രഹ്മകലശപൂജ, 11ന് ബ്രഹ്മകലശാഭിഷേകം.ഉത്സവത്തിന് വൈകിട്ടും രാത്രി 8നും ഉത്സവശ്രീബലി നടക്കും. 19ന് ഏകാദശി പൊന്നുംശ്രീബലിക്കൊപ്പം നടക്കുന്ന വലിയകാണിക്കയിൽ ഭക്തർക്കും കാണിക്ക അർപ്പിക്കാം. ഒമ്പതാം ദിവസമായ 20ന് രാത്രി പള്ളിവേട്ട. പടിഞ്ഞാറേനടയിൽ നിന്ന് പുറപ്പെട്ട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലുള്ള വേട്ടക്കളത്തിലാണ് പള്ളിവേട്ട നടക്കുന്നത്.ഇവിടെ നിന്ന് തിരികെ പുറപ്പെട്ട് ഗരുഡവാഹനം വടക്കേനടയിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കും. പത്താം ദിവസം ആരാധനാ വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുംമുഖം കടൽത്തീരത്തേക്ക് ആറാട്ടെഴുന്നള്ളത്ത് നടക്കും. തിരുവിതാംകൂർ കൊട്ടാരത്തിലെ മുതിർന്ന അംഗം (ക്ഷേത്രസ്ഥാനി) ആചാര, അലങ്കാര വിശേഷങ്ങളോടെ പള്ളിവാളേന്തി ആറാട്ടു ഘോഷയാത്രയിൽ പങ്കെടുക്കും.
പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിലും ക്ഷേത്രത്തിനകത്ത് തുലാഭാര മണ്ഡപം, ശ്രീപാദമണ്ഡപം എന്നിവിടങ്ങളിലും കലാപരിപാടികൾ അരങ്ങേറും.19 ന് വൈകിട്ട് കിഴക്കേനടയിൽ വേലകളി ഉണ്ടായിരിക്കും.21ന് വൈകിട്ട് ശംഖുംമുഖം ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്. 22ന് ആറാട്ട് കലശം. ഉത്സവത്തിന്റെ ഭാഗമായി കിഴക്കേനടയിൽ പഞ്ചപാണ്ഡവരുടെ ശില്പങ്ങൾ ഒരുങ്ങി. ഉത്സവത്തിന്റെ പ്രധാന ആകർഷണമായ ഈ രൂപങ്ങൾ ഉയർത്തുന്നത് മഴയുടെ ദേവനായ ഇന്ദ്രനെ പ്രസാദിപ്പിക്കാനാണെന്നാണ് വിശ്വാസം. ഉത്സവനാളുകളിൽ രാത്രി കിഴക്കേഗോപുരത്തിലെ നാടകശാലയിൽ കഥകളിയും മറ്റ് മണ്ഡപങ്ങളിൽ ക്ഷേത്രകലകളും അരങ്ങേറും.19 ന് വൈകിട്ട് കിഴക്കേനടയിൽ വേലകളി ഉണ്ടായിരിക്കും.