
വെഞ്ഞാറമൂട്: തീപിടിത്തത്തിൽ വീട് കത്തിനശിച്ചു. പന്ത്രണ്ടുകാരിക്ക് പൊള്ളലേറ്റു.പുല്ലമ്പാറ വെള്ളുമണ്ണടി ബാലൻപച്ച കൊടിവിളാകത്ത് വീട്ടിൽ ബൈജുദേവിന്റെ വീടാണ് കത്തിനശിച്ചത്. ബൈജുവിന്റെ മക്കളിൽ ഇരട്ടകളിലൊന്നായ അക്ഷയ ദേവിനാണ് പൊള്ളലേറ്റത്.
ശനിയാഴ്ച രാവിലെ 9നായിരുന്നു സംഭവം. തീപിടിത്തത്തിൽ ഓടും ഷീറ്റും കൊണ്ട് മേഞ്ഞ വീടിന്റെ മേൽക്കൂരയിലേറെ ഭാഗവും വീട്ടുസാധനങ്ങളും പൂർണമായും കത്തിനശിച്ചു. സംഭവസമയത്ത് വീട്ടിൽ അക്ഷയ ദേവും ഇരട്ടസഹോദരിയും മാത്രമാണുണ്ടായിരുന്നത്.
അക്ഷയ ഉറക്കത്തിലും സഹോദരി ടി.വി കാണുകയുമായിരുന്നു.അക്ഷയ കിടന്നിരുന്ന മുറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സഹോദരി ഓടി മുറിയിലെത്തിയപ്പോൾ ഷീറ്റ് കത്തുന്നതാണ് കണ്ടത്. കുട്ടി ഉടൻ അക്ഷയെ പുറത്തെത്തിക്കുകയും നിലവിളിക്കുകയും ചെയ്തു.ഇതുകേട്ടെത്തിയ പരിസരവാസികൾ തീ നിയന്ത്രണ വിധേയമാക്കുകയും വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു.ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.
നാട്ടുകാർ പൊള്ളലേറ്റ കുട്ടിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.