തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗമായ കെ. ബൈജൂനാഥിനെ ആക്ടിംഗ് ചെയർപേഴ്സണായി ഗവർണർ നിയമിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളായ സമിതിയുടെ ശുപാർശ അംഗീകരിച്ച് കഴിഞ്ഞമാസം, 3വർഷത്തേക്ക് ബൈജൂനാഥിന് കമ്മിഷനംഗമായി പുനർനിയമനം നൽകിയിരുന്നു. ബൈജൂനാഥിന് പുറമെ വി.കെ. ബീനാകുമാരിയാണ് മറ്റൊരു അംഗമായുള്ളത്.
2021ൽ കൽപ്പറ്റ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിയായിരിക്കെയാണ് ബൈജൂനാഥ് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗമായി നിയമിതനായത്. ജസ്റ്റിസ് ആന്റണി ഡൊമിനിക് കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കഴിഞ്ഞ മേയിൽ വിരമിച്ച ശേഷം ബൈജൂനാഥിനെ ആക്ടിംഗ് ചെയർപേഴ്സണായി ഗവർണർ നിയമിച്ചിരുന്നു.
കോഴിക്കോട് സ്വദേശിയായ കെ. ബൈജൂനാഥ് 1987 ൽ അഭിഭാഷകനായി. 1992 ൽ മജിസ്ട്രേറ്റും പിന്നീട് ജില്ലാ ജഡ്ജിയുമായി. കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് കുതിരവട്ടം ശബരീ തീർത്ഥത്തിൽ പരേതരായ കെ. രാംദാസിന്റെയും രാധാ പനോളിയുടെയും മകനാണ്.