
ബാലരാമപുരം: ചൂടുപിടിച്ച വാഗ്വാദത്തിന് തിരികൊളുത്തി യു.ഡി.എഫ് പാർലമെന്റ് സ്ഥാനാർത്ഥി ശശിതരൂർ രംഗത്ത് എത്തിയതോടെ തിരികെ ചുട്ട മറുപടി കൊടുത്ത് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും സോഷ്യൽ മീഡിയയിൽ താരമാവുകയാണ്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ മുന്നണികളുടെ തിരഞ്ഞെടുപ്പ് യുദ്ധം വാശിയേറുകയാണ്. വീടുകൾ തോറും കാമ്പെയിൻ നടത്തി മുന്നണിപ്രവർത്തകർ ആവേശത്തിലാണ്. അമിത് ഷാക്ക് അസുഖമായതിനെതുടർന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുടെ ഇന്നലെ നടക്കേണ്ടിയിരുന്ന റോഡ് ഷോയും മാറ്റിവച്ചു. ഈ മാസം 9 ന് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറുടെ പര്യടനം ആരംഭിക്കും. 10ന് കോവളം നിയോജക മണ്ഡലത്തിൽ പഞ്ചായത്ത് തദ്ദേശ വാർഡുകളിൽ പര്യടനം നടത്തും.
കഴിഞ്ഞ ദിവസം തരൂരും ചന്ദ്രശേഖറും കൊമ്പുകോർത്തത് ഏറെ വിവാദമായിരുന്നു. എന്നാൽ ഇതിലൊന്നും പങ്കെടുക്കാതെ പഞ്ചായത്ത് പര്യടനം നടത്തി ജനങ്ങളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. ഇന്ന് രാവിലെ 7 ന് പാലപ്പൂര് ജംഗ്ഷനിൽ നിന്നു ആരംഭിക്കുന്ന പര്യടനം സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പൂങ്കുളം, കാക്കാമ്മൂല, ഊക്കോട്, വെള്ളായണി, ശാന്തിവിള, ഉപനിയൂർ, പകലൂർ, കല്ലിയൂർ, പുന്നമൂട്, പെരിങ്ങമല, പ്ലാവിള, കോട്ടുകാൽക്കോണം, നെല്ലിവിള, ആർ.സി തെരുവ്, തെങ്കറക്കോണം, ദേവഗിരി, ആലുവിള, പാറക്കുഴി, പുന്നക്കാട്, എരുത്താവൂർ, തേമ്പാമുട്ടം, അകരത്തിൻവിള, വാണിഗർതെരുവ് വഴി ബാലരാമപുരം ജംഗ്ഷനിൽ പര്യടനം സമാപിക്കും.
യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പര്യടനം ബാലരാമപുരത്ത് ഇന്ന് രാവിലെ 7 ന് തുടങ്ങും. പ്രവർത്തകർ പുഷ്പഹാരം നൽകി തരൂരിന് സ്വീകരണം നൽകും. ബാലരാമപുരം സൗത്ത്, നോർത്ത് മണ്ഡലം, കോട്ടുകാൽ, ചപ്പാത്ത്, കല്ലിയൂർ,വെള്ളായണി തുടങ്ങി നൂറ് കേന്ദ്രങ്ങളിൽ പര്യടനമുണ്ടാകും. എം.വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി നേതാക്കളായ കോളിയൂർ ദിവാകരൻ നായർ, അഡ്വ.എം.വിൻസെന്റ് ഡി പോൾ, ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്, മണ്ഡലം പ്രസിഡന്റുമാരായ നതീഷ് നളിനൻ, എ.അർഷാദ്, പുന്നക്കുളം ബിനു, നന്നംകുഴി ബിനു തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം അണിചേരും.