തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ ഫണ്ട് മരവിപ്പിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽനിന്നു ധന സമാഹരണത്തിന് കെ.പി.സി.സി തുടക്കമിട്ടു. ഇന്നലെ വൈകുന്നേരം നാലിന് പാളയത്ത് നിന്ന് ആരംഭിച്ച ഫണ്ട് സമാഹരണം സ്റ്റാച്യൂവിൽ അവസാനിപ്പിച്ചു. പൊതുജനങ്ങൾ, കച്ചവടക്കാർ തുടങ്ങി സമൂഹത്തിന്റെ നാനാ വിഭാഗത്തിലുള്ളവരിൽ നിന്നുമാണ് സമാഹരണം നടത്തിയത്.

മോദി സർക്കാർ കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചാലും ജനങ്ങളിൽനിന്ന് ഫണ്ട് സ്വരൂപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഈ ഫാസിസ്റ്റ് സർക്കാരിനെ ബോധ്യപ്പെടുത്താൻ വേണ്ടി കൂടിയാണ് ഫണ്ട് പിരിവെന്ന് എം.എം ഹസൻ പറഞ്ഞു.നല്ല പ്രതികരണമാണ് ജനങ്ങളിൽനിന്നു ലഭിക്കുന്നത്. സി.പി.എമ്മിന്റെ രഹസ്യ അക്കൗണ്ട് ഇ.ഡിയാണ് മരവിപ്പിച്ചതെന്നും കൃത്യമായി കണക്കുള്ള കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത് മോദി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഫണ്ട് മോദി മരവിപ്പിച്ചു, സഹായിക്കൂ എന്ന് അഭ്യർത്ഥിച്ച് നടത്തിയ സമാഹരണത്തിൽ ലഭിച്ച പണം പാളയം വാർഡ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ചിലവിലേക്ക് കൈമാറി. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ഭാരവാഹികളായ ജി.എസ്.ബാബു, ജി.സുബോധൻ, മര്യാപുരം ശ്രീകുമാർ, മുൻ മന്ത്രി പന്തളം സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.