തിരുവനന്തപുരം: റോഡിൽ മാത്രമല്ല, തിരഞ്ഞെടുപ്പു പ്രചാരണത്തിലും നിർമിത ബുദ്ധി (എ.ഐ )ക്യാമറ ഹിറ്റാകുന്നു. തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണ പരിപാടിക്കാണ് അണികളെ ആവേശം കൊള്ളിക്കാൻ എ.ഐ ക്യാമറ. സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നവർക്കെല്ലാം അവരുടെ സ്വന്തം ഫോട്ടോ ഫോണിൽ ലഭിക്കുന്ന നിർമിത ബുദ്ധി സാങ്കേതികവിദ്യ ഇതിനകം ചർച്ചയായി.

ടെക്കി കൂടിയായ സ്ഥാനാർത്ഥിയുടെ എ.ഐ ടെക്‌നോളജി താല്പര്യം കണക്കിലെടുത്താണ് ഇത്തരമൊരു വ്യത്യസ്ത ആശയം തിരഞ്ഞെടുപ്പ് സമിതി അവതരിപ്പിച്ചിരിക്കുന്നത്. 'ഗെറ്റ് യുവർ ഫോട്ടോസ് ഓൺ യുവർ ഫോൺ' എന്ന ഹാഷ്ടാഗോടെയാണ് ഈ എ.ഐ ഫോട്ടോ പ്രചാരണം അവതരിപ്പിച്ചിട്ടുള്ളത്.

പ്രചാരണ പരിപാടികളിൽ ലഭ്യമായ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ഒരു സെൽഫി എടുത്താൽ മാത്രം മതി. രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണപരിപാടികളിൽ നിങ്ങളുൾപ്പെട്ട എല്ലാ ഫോട്ടോകളും ഉടൻ നിങ്ങളുടെ ഫോണിലെത്തും. ഇത് ഇഷ്ടാനുസരണം ഡൗൺലോഡ് ചെയ്‌തെടുക്കാം. നിലവിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കേരളത്തിലെ ഏക സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. ഇതിനോടകം തന്നെ 2000ലേറെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യപ്പെട്ടുകഴിഞ്ഞു.