തിരുവനന്തപുരം: പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെയുള്ള പര്യടനത്തിരക്കിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ്,​ എൻ.ഡി.എ സ്ഥാനാർത്ഥികൾ. ഇന്നലെ രാവിലെ കണ്ണമ്മൂലയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനാണ് പന്ന്യന്റെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തത്. അവിടെനിന്ന് വടയക്കാട്, ഇ.എം.എസ് നഗർ, വിവേകാനന്ദ നഗർ,ആർ.സി ജംഗ്ഷൻ, ബാർട്ടൺഹിൽ,തേക്കുമൂട് ,പൊട്ടക്കുഴി,ബർമ്മ റോഡ്,പുതുപ്പള്ളി,ചാലക്കുടി, പട്ടം, മരപ്പാലം, ലക്ഷ്മി നഗർ,കേശവദാസപുരം,മുട്ടട എന്നിവിടങ്ങളിലെ പര്യടനങ്ങൾക്കുശേഷം ഉച്ചയ്ക്ക് 12 മണിയോടെ കുറവൻകോണത്ത് എത്തി. പൊന്നാടയും പൂക്കളും പുസ്തകങ്ങളുമായി അദ്ദേഹത്തെ സ്വീകരിക്കാൻ ആൾക്കൂട്ടം കാത്തുനിന്നു. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തും ഉണ്ടായിരുന്നു. ഉച്ച വിശ്രമത്തിനുശേഷം വൈ.എം.ആർ ജംഗ്ഷനിൽ നിന്നും വീണ്ടും ആരംഭിച്ച പര്യടനം നന്തൻകോട്, ജവഹർ നഗർ, വെള്ളയമ്പലം, പണിക്കേഴ്‌സ് ലെയ്ൻ, ശാസ്തമംഗലം, മരുതൻകുഴി, വലിയവിള, കൊടുങ്ങാനൂർ എന്നിവിടങ്ങൾ കടന്ന് രാത്രി ഒമ്പത് മണിയോടെ വട്ടിയൂർക്കാവിൽ സമാപിച്ചു.

സ്ഥാനാർത്ഥി പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ഉദിയൻകുളങ്ങരയിൽ നിന്നാണ് ശശി തരൂരിന്റെ പര്യടനമാരംഭിച്ചത്.ചെങ്കൽ ബ്ലോക്കിലെ തിരഞ്ഞെടുപ്പ് പര്യടനം ഉദിയൻകുളങ്ങരയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി മരിയപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.പുതുക്കുളം, ആറയൂർ, വാണിയംകാല, ഈഴക്കോണം, ആശാരിക്കുളം, വട്ടവിള, ചെങ്കൽ, വലിയകുളം, വൽത്താങ്കര എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹത്തെ പൂക്കളും വീട്ടിലുണ്ടാക്കിയ മധുര പലഹാരങ്ങൾ നൽകിയും ഹസ്തദാനം നൽകിയും പടക്കം പൊട്ടിച്ചുമാണ് ജനങ്ങൾ വരവേറ്റത്. ഉച്ചയ്ക്ക് കുളത്തൂർ പഞ്ചായത്തിലെ പൂഴിക്കുന്നിലെത്തി വിശ്രമിച്ചു. വൈകിട്ട് ഓടെ ഊരംവിള ജംഗ്ഷനിൽ നിന്നാരംഭിച്ച് മാവിളക്കടവ്, അരുവല്ലൂർ, വട്ടവിള, ചാലാക്കര, തോണിക്കടവ്, വിരാലി, ഉച്ചക്കടച്ചന്ത, കുളത്തൂർ കോളേജ്, മഞ്ചാവിള, ചാറോട്ടുകോണം, പ്ലാമൂട്ടുക്കട, ഞാറക്കാല, അയിര, ചെങ്കവിള, ഒറ്റപ്ലാവിള, അമ്പനാവിള, ഊരംമ്പ്, പിൻകുളം,കരുമരം,പാവാറ,പഴയ ഉച്ചക്കട എന്നീ സ്ഥലങ്ങളിൽ വോട്ടർമാരെ കണ്ടശേഷം ഉച്ചക്കട ജംഗ്ഷനിൽ രാത്രി ഏറെ വൈകി പ്രചാരണം അവസാനിപ്പിച്ചു.

എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ വാഹനപര്യടനം ഇന്ന് തുടങ്ങും.ഇന്നലെ നെയ്യാറ്റിൻകര മഞ്ചവിളാകത്തെ നെയ്‌‌ത്തുശാലകലും കശുഅണ്ടി ഫാക്ടറികളും അദ്ദേഹം സന്ദർശിച്ചു.കുന്നത്തുകാൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തിലും പാലിയോട് ജംഗ്ഷനിലെ ബി.ജെ.പി പതാക ദിനാഘോഷത്തിലും പങ്കെടുത്തു. പരശുവയ്ക്കൽ ബി.എഫ്.എം കോളനി സന്ദർശിച്ച് അവിടത്തെ ജനങ്ങളുടെ പരാതികൾ സശ്രദ്ധം കേട്ടു.തുടർന്ന് മാരായമുട്ടം നീലകേശി ഓഡിറ്റോറിയത്തിൽ നടന്ന കുടുംബയോഗത്തിലും പങ്കെടുത്തു. സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലെത്തിയ അംഗങ്ങളെ സ്ഥാനാർത്ഥി ഷാൾ അണിയിച്ച് സ്വീകരിച്ചു. ഇന്ന് കൈതമുക്ക് അനന്തപുരി ബാങ്ക് ഓഡിറ്റോറിയം അഖില ഭാരത് പൂർവ സൈനിക് സേവാ പരിഷത്തിന്റെ വിമുക്‌തഭട കുടുംബസംഗമത്തിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും.