ശംഖുംമുഖം: വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സിറാജുദീനാണ് വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതരുടെ പിടിയിലായത്. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ പോകാൻ എത്തിയതായിരുന്നു ഇയാൾ. കരുനാഗപ്പള്ളി സ്വദേശിയായ ഇബ്രാഹിം കുട്ടിയുടെ പേരിലുള്ള പാസ്‌പോർട്ടിൽ സ്വന്തം ഫോട്ടോ പതിപ്പിച്ചാണ് വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ചത്. ഈ പാസ്‌പോർട്ട് ഉപയോഗിച്ച് ഇരുപത് വർഷമായി ഇയാൾ വിദേശ യാത്രകൾ നടത്തിവരികയാണ്. ഇത്തവണ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പാസ്‌പോർട്ട് വ്യാജമാണെന്ന് കണ്ടെത്തി. എമിഗ്രേഷൻ അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്ത് വലിയതുറ പൊലീസിന് കൈമാറി.