 നിയമ ലംഘകർക്കെതിരെ നടപടിയില്ല

കാട്ടാക്കട: ഗ്രാമീണ മേഖലകളിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകൾ ചീറിപ്പായുന്നു. നിയമ ലംഘകർക്കെതിരെ പൊലീസോ മോട്ടോർ വാഹന വകുപ്പോ നടപടിയെടുക്കുന്നില്ല. റോഡുകളിലൂടെ യാത്രക്കാരുടെയും നാട്ടുകാരുടെയും കാതടപ്പിച്ച് ബൈക്കുകളും കാറുകളും ചീറിപ്പായുകയാണ്. ഇത്തരം വാഹനമോടിക്കുന്നവരിലേറെയും 18 വയസ് തികയാത്ത സ്കൂൾ കുട്ടികളാണെന്നതാണ് പ്രത്യേകത. റോഡിൽ ഭീതി പടർത്തുന്ന വാഹനങ്ങളെ തിരിച്ചറിയാതിരിക്കാൻ നമ്പർ പ്ലേറ്റുകളിൽ സ്റ്റിക്കർ പതിപ്പിച്ചും നമ്പർ കാണാനാവാത്ത വിധം മടക്കിവച്ചും മാസ്കിനാൽ മറച്ചും വാഹനങ്ങൾ തലങ്ങും വിലങ്ങുമോടുകയാണ്. അടുത്തിടെയായി ബൈക്ക് - കാർ അഭ്യാസികളുടെ ശല്യവും കൂടിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളുടെ മുന്നിലൂടെ പോലും നിയമങ്ങൾ പാടെ ലംഘിച്ചാണ് യാത്ര. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കാട്ടാക്കട താലൂക്ക് പ്രദേശത്ത് അമിത വേഗത കാരണം അപകടങ്ങളുണ്ടായത് നൂറിലേറെ പേർക്കാണ്. ബൈക്കുകളുടെയും കാറുകളുടെയും അമിതവേഗതയാണ് അപകടങ്ങൾക്ക് കാരണം. ഇത് നിയന്ത്രിക്കാൻ അധികൃതർക്കുമാവുന്നില്ല. ഇത്തരത്തിൽ അപകടങ്ങളുണ്ടാക്കും വിധം റോഡിലൂടെ ചീറിപ്പായുന്നവരാൽ ഏറെ ബുദ്ധിമുട്ടുന്നത് കാൽനടയാത്രക്കാരാണ്.

 മത്സരയോട്ടവും അഭ്യാസവും

പലപ്പോഴും 18 വയസിന് താഴെയുള്ള കുട്ടികൾ വണ്ടിയോടിച്ചാൽ കേസെടുക്കാൻ പൊലീസിന് കഴിയാറില്ല. റോഡിലൂടെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് മുന്നിൽ സ്കൂൾ വിദ്യാർത്ഥികളും വയോധികരും ചെന്നുപെടുന്നത് പതിവാണ്. ബൈക്കുകളിലെ മത്സരയോട്ടവും അഭ്യാസവും ചെറുപ്പക്കാർക്ക് ഹരമാകുമ്പോൾ വഴിയാത്രക്കാർ ഭീതിയിലാണ്. ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് കാരണം യുവാക്കളുടെ അഭ്യാസ പ്രകടനം തന്നെയാണ്. കാതടപ്പിക്കുന്ന ശബ്ദവും വെടിയൊച്ചയുമൊക്കെയാണ് ബൈക്കുകളിൽ നിന്നും ഉയരുന്നത്. ഇത് ഏറെ ഭയത്തോടെയാണ് ഗ്രാമീണർ കാണുന്നത്.