
തിരുവനന്തപുരം: സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി. അവധിക്കാല ക്ളാസുകളെക്കുറിച്ച് രക്ഷാകർത്താക്കളിലും വിദ്യാർത്ഥികളിലും നിന്ന് നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണിത്. അവധിക്കാല ക്ലാസുകൾക്കായി കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും സമ്മതമില്ലാതെ പണം പിരിക്കുന്നതായി ആക്ഷേപമുണ്ടെന്നും ഇത് പാടില്ലെന്നും മന്ത്രി പറഞ്ഞു.
കടുത്ത വേനലിൽ താങ്ങാനാവാത്ത ചൂട് കുട്ടികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും. കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ബാധകമല്ലാത്ത സ്‌കൂളുകളിലെ 10, 12 ക്ലാസ് വിദ്യാർത്ഥികൾക്കായി രാവിലെ 7.30 മുതൽ 10.30 വരെ അവധിക്കാല ക്ലാസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടുണ്ട്. അവധിക്കാല ക്ലാസുകളുമായി ബന്ധപ്പെട്ട ഭരണപരമായ ഉത്തരവിന് വിധേയമായിരിക്കും ഈ അനുമതി.
കേരള വിദ്യാഭ്യാസ നിയമ പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെ പൂർണമായും വേനലവധി കാലഘട്ടമാണ്. മാർച്ച് അവസാനം സ്‌കൂൾ അടയ്ക്കുകയും ജൂൺ ആദ്യം തുറക്കുകയും ചെയ്യും. രക്ഷാകർത്താക്കളും വിദ്യാർത്ഥികളും സ്വന്തം നിലയിൽ അക്കാഡമിക്, അക്കാഡമികേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. അതിൽ നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശമില്ലെന്നും മന്ത്രി വ്യക്തമാക്കി.
നെയ്യാർ മുതൽ മഞ്ചേശ്വരം പുഴവരെ നദീയാത്ര
തിരുവനന്തപുരം: നല്ല നാളെയ്ക്ക് വേണ്ടി കേരളത്തിലെ നദികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെയ്യാർ മുതൽ കാസർകോട് മഞ്ചേശ്വരം പുഴവരെ 'നദികൾക്കും വേണം സ്വാതന്ത്ര്യം" എന്ന പേരിൽ നദീയാത്ര സംഘടിപ്പിക്കുന്നു. സർക്കാർ അനുമതിയോടെ ജില്ലകളിൽ ഓരോ നദിക്ക് ചുറ്റും പൂന്തോട്ടവും ഒരുക്കും. മേയ് ആദ്യവാരം ആറ്റിങ്ങൽ മാമം പുഴയിൽ യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. എൻ.ജി.ഒ കോൺഫെഡറേഷൻ നാഷണൽ ചെയർമാൻ കെ.എൻ.ആനന്ദകുമാർ നയിക്കുന്ന നദീസംരക്ഷണ സന്ദേശയാത്രയിൽ 3000 സാമൂഹിക സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ പങ്കാളികളാകും.
നദീയാത്രയുടെ ഭാഗമായി മത്സരങ്ങൾ, കലാകായിക പരിപാടികൾ, പോസ്റ്റർ പ്രദർശനം, തെരുവ് നാടകം, ഓട്ടൻതുള്ളൽ തുടങ്ങിയവ സംഘടിപ്പിക്കും. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് എൻ.ജി.ഒ കോൺഫെഡറേഷൻ നാഷണൽ കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ അറിയിച്ചു. ഡോ. വി. സുഭാഷ് ചന്ദ്രബോസാണ് നദീയാത്രയുടെ സംസ്ഥാനതല സംഘാടക സമിതി ജനറൽ കൺവീനർ.