
തിരുവനന്തപുരം: വർഷങ്ങൾക്കു മുമ്പൊരു വോട്ടെടുപ്പു കാലം. പനയമുട്ടം എൽ.പി സ്കൂളിൽ കന്നിവോട്ട് ചെയ്യാനെത്തിയ തുളസീധരനെ കണ്ടപ്പോൾ പോളിംഗ് ഉദ്യോഗസ്ഥർക്ക് സംശയം. ഇയാളല്ലേ നേരത്തെ വോട്ട് ചെയ്തു പോയത്. സംശയഭാവത്തിൽ നോക്കുമ്പോൾ ബൂത്തിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ വിളിച്ചു പറഞ്ഞു- 'കള്ളവോട്ടല്ല സാറേ, ഇത് തുളസീധരൻ. നേരത്തെ വന്നത് മധുസൂദനൻ..."വീണ്ടുമൊരു വോട്ടെടുപ്പ് അടുത്തുവരുമ്പോൾ ഇരട്ടകളായ തുളസിയും മധുവും ഇപ്പോഴുമത് പറഞ്ഞ് ചിരിക്കും.
ഇപ്പോൾ ഇരുവർക്കും വയസ് 68. ഇപ്പോഴും ഇരുവരേയും കണ്ടാൽ നാട്ടുകാർക്കുപോലും മാറിപ്പോകും. അത്രയ്ക്ക് സാമ്യം. മുണ്ടും ഷർട്ടും കണ്ണടയും വാച്ചും ചെരുപ്പും പേനയുമൊക്കെ ഇരുവരും തിരഞ്ഞെടുക്കുന്നതും ഒരുപോലെ. ചന്ദനക്കുറി തൊടുന്നതിനുപോലും മാറ്റമില്ല.
കവലയിൽ വച്ച് വോട്ട് അഭ്യർത്ഥിച്ച് കൈകൊടുത്ത് പിരിഞ്ഞ ആളെ തൊട്ടപ്പുറത്ത് വീണ്ടും കാണുമ്പോൾ സ്ഥാനാർത്ഥികൾ ഞെട്ടും. അപ്പോഴേക്ക് വരും ഒപ്പമുള്ളവരുടെ കമന്റ്- 'കുമ്പിടിയാ.. ഡബിളാ ഡബിൾ..'. ഒരിക്കൽ നെടുമങ്ങാട് അർബൻ ബാങ്ക് തിരഞ്ഞെടുപ്പിൽ തുളസി വോട്ട് ചെയ്തു മടങ്ങി. പിന്നാലെ മധു എത്തി. കള്ളവോട്ട് ചെയ്യാൻ വീണ്ടുമെത്തിയെന്ന സംശയത്തിൽ പൊലീസുകാർ തടഞ്ഞുവച്ചു. അപ്പോഴേക്കും തുളസിയെത്തി 'സത്യം' വെളിപ്പെടുത്തി.
തിരുവനന്തപുരം ചീരാണിക്കരയിലാണ് ഇവർ ജനിച്ചുവളർന്നത്. ഒരുവർഷം മുമ്പ് താമസം വിഴിഞ്ഞം പൂവാറിലേക്ക് മാറി. ഒരുവീട്ടിലാണ് ഇരുവരും കുടുംബത്തോടൊപ്പം താമസം. ആറ്റിങ്ങൽ മണ്ഡലത്തിലാണ് വോട്ട്.
വിവാഹം ചെയ്തതും ഇരട്ടകളെ
മധുസൂദനൻ തുളസീധരനെക്കാൾ 15 മിനിട്ട് നേരത്തെയാണ് ജനിച്ചത്. വീട്ടിലെ ദാരിദ്ര്യം കാരണം ഏഴാംക്ലാസിൽ പഠനം നിറുത്തിയ ഇരുവരും റബർ ടാപ്പിംഗ് തൊഴിലാളികളായി. പള്ളിപ്പുറം സ്വദേശികളായ ഗിരിജ-ഗീത എന്നീ ഇരട്ടസഹോദരിമാരെ യഥാക്രമം മധുവും തുളസിയും വിവാഹം ചെയ്തു. ഒൻപതുവർഷം മുമ്പ് ഗിരിജ മരിച്ചു. മധുവിന്റെ മക്കൾ സുവ്യ, ഭവ്യ. തുളസിയുടെ മക്കൾ ശ്രവ്യ, ദിവ്യ.