vyapara-mela-

ചിറയിൻകീഴ്: ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള വ്യാപാരമേളയ്ക്ക് തിരക്കേറുന്നു. ഏപ്രിൽ 1ന് ആരംഭിച്ച മേള 65 ദിവസം തുടരും. ശാർക്കരയിലെ വിശാലമായ പറമ്പിൽ നിരവധി കടകളാണ് വിവിധ സാധന സാമഗ്രികളുമായി ഇതിനോടകം സ്ഥാനം പിടിച്ചിട്ടുള്ളത്. മീനഭരണിക്ക് ശേഷം പത്താമുദയം വരെ നീണ്ടു നിൽക്കുന്ന വ്യാപാരമേളയാണ് മുൻകാലങ്ങളിലുണ്ടായിരുന്നത്. വൈവിദ്ധ്യമായ കാർഷിക ഉത്പന്നങ്ങൾ വ്യാപാര മേളയുടെ തിളക്കം വർദ്ധിപ്പിക്കുന്നു. കാച്ചിൽ, ചേന, ചേമ്പ്, നനകിഴങ്ങ്, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ എന്നിങ്ങനെ പോകുന്ന നടീൽ വസ്തുക്കളുടെ വിപുലമായ ശേഖരത്തിന് പുറമെ മൺകലങ്ങളുടെ വിവിധവും പൂച്ചെടികളുടെയും ഇലച്ചെടികളുടെയും തുടങ്ങി ഫലവൃക്ഷങ്ങളുടേതുൾപ്പെടെയുള്ള വ്യത്യസ്തമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഏതെടുത്താലും 20, 50, 100 രൂപ സാധനങ്ങൾ അടങ്ങുന്ന സ്റ്റാളുകൾ, കോഴിക്കോടൻ ഹൽവയും മലബാർ ചിപ്സും അടക്കമുള്ള ബേക്കറി സാധനങ്ങൾ, പഴയകാല മിഠായികൾ, എരിവില്ലാത്ത മുളകുബജി, ഐസ്ക്രീം പാർലറുകൾ, അലുമിനിയം, കളിമൺ പാത്രങ്ങൾ, വസ്ത്രങ്ങൾ, ബാഗുകൾ, പാദരക്ഷകൾ, പച്ചക്കറി വിത്തുകൾ, ജൈവവളം എന്നിങ്ങനെ നീളുന്നു സ്റ്റാളുകളുടെ നീണ്ട നിര. ശാർക്കര മീനഭരണി മഹോത്സവം കഴിഞ്ഞാൽ രാവിലെ ആരംഭിക്കുന്ന മേള രാത്രി 10 വരെ നീളും. വ്യാപാരമേളയ്ക്ക് പുറമെ ശാർക്കര മൈതാനിയിൽ അമ്യൂസ്മെന്റ് പാർക്കും പ്രവർത്തിക്കുന്നുണ്ട്. അമ്യൂസ്മെന്റ് പാർക്ക് ഏപ്രിൽ 23ന് അവസാനിക്കും.