ബാലരാമപുരം: യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പര്യടനത്തിനിടെ ബാലരാമപുരത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ബാലരാമപുരം കല്ലമ്പലത്ത് ഉമ്മൻചാണ്ടി പക്ഷക്കാരനായ ഡി.സി.സി ജനറൽ സെക്രട്ടറി വിപിൻജോസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ തരൂരിനായി പ്രത്യേക സ്വീകരണമൊരുക്കിയതാണ് കാരണം.

ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം. എം.എൽ.എ പറഞ്ഞാൽ താനിറങ്ങാമെന്ന് തരൂർ അറിയിച്ചെങ്കിലും എം. വിൻസെന്റ് എം.എൽ.എ അടക്കമുള്ളവർ അതിനോട് അനുകൂലിച്ചില്ല. സ്വീകരണത്തിൽ പങ്കെടുക്കണമെന്ന് വിപിൻജോസ് തരൂരിനോട് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് അദ്ദേഹം അടുത്ത സ്ഥലത്തേക്ക് പോവുകയായിരുന്നു.രണ്ട് ദിവസം മുമ്പ് ചാമവിളയിൽ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനെ പങ്കെടുപ്പിച്ച് വിപിൻജോസ് കുടുംബസംഗമം സംഘടിപ്പിച്ചിരുന്നു. എം.എൽ.എ,​ ബാലരാമപുരം നോർത്ത്- സൗത്ത് മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള നേതാക്കളെ അറിയിക്കാതെ ബ്ലോക്ക് സെക്രട്ടറി ആനന്ദകുമാറിന്റെ വസതിയിലായിരുന്നു കുടുംബയോഗം . ഇതിലുള്ള ഭിന്നത നിലനിൽക്കേയാണ് തരൂരിനായി പ്രത്യേക സ്വീകരണമൊരുക്കിയത്.ഡി.സി.സി ജനറൽ സെക്രട്ടറി വിപിൻജോസും ബാലരാമപുരത്തെ കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള ഭിന്നതയിൽ നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് ഗ്രൂപ്പ് പോര് ഒഴിവാക്കണമെന്ന് ഡി.സി.സി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പോര് തുടരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനു ശേഷം നടപടിയുണ്ടാകുമെന്നാണ് ഡി.സി.സി നൽകുന്ന സൂചന.