v-joy

വർക്കല: വ്യക്തമായ രാഷ്ട്രീയ നിലപാടുകളോടെ 'പക്കാ പൊളിറ്റിക്കലാണ് ' എന്ന തലക്കെട്ടിൽ വി.ജോയിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമെ ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥിയായി സുരഭി.എസ്,സ്വതന്ത്ര സ്ഥാനാർത്ഥികളായി പ്രകാശ്.എസ്, പ്രകാശ്.പി.എൽ, സന്തോഷ്.കെ എന്നിവരും മത്സര രംഗത്തുണ്ട്.

പ്രകാശ് എന്ന പേരിൽ തന്റെ അപരന്മാരെ ഇടത് സ്ഥാനാർത്ഥി രംഗത്തിറക്കിയത് പരാജയ ഭീതികൊണ്ടാണെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. 172015 ഇരട്ടവോട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി അടൂർപ്രകാശ് ജില്ലാകളക്ടർക്ക് പരാതി നൽകിയെങ്കിലും സൂക്ഷ്‌മ പരിശോധനയ്ക്കു ശേഷം പരാതി വാസ്തവ വിരുദ്ധമാണെന്നും 439 വോട്ടുകൾ മാത്രമാണ് ഇരട്ടവോട്ടുകളെന്നും ജില്ലാകളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

മണമ്പൂർ,ഒറ്റൂർ,ചെറുന്നിയൂർ,വക്കം ഗ്രാമപഞ്ചായത്തുകളിലാണ് ഇന്നലെ വി.ജോയി തിരഞ്ഞെടുപ്പ് പര്യടനം നടത്തിയത് . മണമ്പൂർ പന്തടിവിള ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. തെഞ്ചേരിക്കോണം, മാവിന്മൂട്,വടശ്ശേരിക്കോണം,കവലയൂർ,ശ്രീനാരായണപുരം,പാലച്ചിറ,മൗലവി ജംഗ്ഷൻ തുടങ്ങീ 50ഓളം കേന്ദ്രങ്ങളിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവർത്തകരൊരുക്കിയത്. രാത്രിയോടെ മണനാക്ക് ജംഗ്ഷനിൽ പര്യടനം സമാപിച്ചു. പോത്തൻകോട് നടന്ന എൽ.ഡി.എഫ് പൊതുയോഗം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്‌തു . കാട്ടാക്കട,​വിളപ്പിൽ പഞ്ചായത്തുകളിലാണ് ഇന്ന് വി.ജോയിയുടെ പര്യടനം. രാവിലെ 8ന് പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും പര്യടനമാരംഭിക്കും.

പൊന്മുടിയുടെ താഴ്‌വാരമായ കല്ലാറിൽ നിന്നാണ് കഴിഞ്ഞദിവസം അടൂർ പ്രകാശ് പര്യടനമാരംഭിച്ചത്. ജി.കാർത്തികേയന്റെ അനശ്വര ഓർമ്മകൾ നിലനിൽക്കുന്ന ആര്യനാട് മണ്ഡലപര്യടനം ശബരീനാഥ് ഉദ്ഘാടനം ചെയ്‌തു. ഷാൾ അണിയിച്ചും അഭിവാദ്യമർപ്പിച്ചും ആവേശത്തോടെയാണ് പ്രവർത്തകർ അടൂർ പ്രകാശിനെ വരവേറ്റത്. എം.പി എന്ന നിലയിൽ താൻ നടത്തിയ ഇടപെടലുകളും വികസന പ്രവർത്തനങ്ങളും അരുവിക്കരയിലെ ജനങ്ങൾ വോട്ടായി നൽകുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. തേവിയോട്,കൊപ്പം,ആനപ്പെട്ടി,തൊളിക്കോട്,കൂന്താണി തുടങ്ങി നിരവധിയിടങ്ങളിലെ സ്വീകരണമേറ്റുവാങ്ങി ആര്യനാട് ഗാന്ധി ജംഗ്ഷനിൽ പര്യടനം സമാപിച്ചു. ഇന്നത്തെ പര്യടനം നെല്ലനാട് നിന്ന് രാവിലെ 8ന് ആരംഭിക്കും.

കിളിമാനൂരിൽ നടന്ന ഹരിജൻ കുടുബസംഗമത്തിൽ പങ്കെടുത്തുകൊണ്ടാണ് വി.മുരളീധരൻ ഇന്നലെ പ്രചാരണമാരംഭിച്ചത് . നരേന്ദ്രമോദിയുടെ ഭരണകാലത്താണ് ദളിതർക്ക് സാമൂഹ്യനീതി ലഭ്യമായതെന്ന് വി.മുരളീധരൻ പറഞ്ഞു. 35 പട്ടികജാതി കുടുംബങ്ങൾ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു. വിതുരയിൽ നടന്ന പട്ടികവർഗ മോർച്ച കൺവെൻഷൻ വി.മുരളീധരൻ ഉദ്ഘാടനം ചെയ്‌തു. കാട്ടാക്കട എൻ.ഡി.എ ഓഫീസ് ഉദ്ഘാടനത്തിലും വിളപ്പിൽ ശാലയിൽ നടന്ന പദയാത്രയിലും അദ്ദേഹം പങ്കെടുത്തു.