fadnavis

തിരുവനന്തപുരം: കേരളത്തിലെ ഇടതു, വലത് മുന്നണികൾ അഴിമതി കൂട്ടുകെട്ടാണെന്നും അഴിമതി നടത്തുക മാത്രമാണ് അവരുടെ അജൻഡയെന്നും ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. കേരളം ഇപ്പോൾ മാറി ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. ബി.ജെ.പി ഇത്തവണ കേരളത്തിൽ വലിയ നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് ഭരണാനുകൂല വികാരമാണുള്ളത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ രാജ്യം സാമ്പത്തികമായി വളർച്ചയുടെ പാതയിലാണ്. 25 കോടി ജനങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിക്കാൻ എൻ.ഡി.എ സർക്കാരിന് കഴിഞ്ഞു. എല്ലാവരെയും ചേർത്തുനിറുത്തി.​ എല്ലാ സംസ്ഥാനങ്ങളെയും ഒന്നിച്ചുനിറുത്തിയുള്ള വികസനമാണ് നടക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിൽ ജനങ്ങൾ സംത‌ൃപ്തരാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലാണ് മത്സരം. ഒരു ഗ്രൂപ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ,​ മറ്റൊന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ. ഇതിൽ പ്രധാനമന്ത്രിയായി വീണ്ടും മോദിയെ ജനങ്ങൾ ഏറ്റെടുക്കും. എൻ.ഡി.എ 400 സീറ്റിലധികം നേടും. രാജ്യവിരുദ്ധ ശക്തികളെ കൂടെ നിറുത്തിയിരിക്കുകയാണ് മറ്റേ ഗ്രൂപ്പ്.

കേരളത്തിൽ ഇടതു, വലത് മുന്നണികളിൽ ആർക്ക് വോട്ടുചെയ്താലും അത് ലഭിക്കുക രാഹുൽ ഗാന്ധിക്കാണ്. കേരളത്തിലെ രാഷ്ട്രീയം ക്രിമിനൽവത്കരിച്ചിരിക്കുകയാണെന്ന് പാനൂർ ബോംബ് സ്ഫോടനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണം.