തിരുവനന്തപുരം: ഇന്ത്യക്കാരുടെയടക്കം സ്വകാര്യവിവരങ്ങൾ ചോർത്തുന്നുവെന്ന ആക്ഷേപം ശക്തമായതോടെ,​ നിർമ്മിതബുദ്ധി (എ.ഐ) ഉപയോഗിച്ച് ജനപ്രീതി വീണ്ടെടുക്കാൻ വാട്ട്സ്ആപ്പ്. ഇത്നായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കും.

നാലുമാസം മുമ്പ് ആഗോളതലത്തിൽ അവതരിപ്പിച്ചെങ്കിലും ഇന്ത്യൻ ഉപഭോക്താക്കളിൽ എത്തിയിരുന്നില്ല. യു.എസ് കമ്പനിയായ വാട്ട്സാപ്പ് മാതൃകമ്പനിയായ മെറ്റയിലേ‌ക്ക് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഫോണിലെ വിവരങ്ങൾ ചോർത്തി അയയ്‌ക്കുന്നതായി സൈബർ സെക്യൂരിറ്റി സ്ഥാപനങ്ങൾ കണ്ടെത്തിയിരുന്നു.

ഒരു സന്ദർഭം ടൈപ്പ് ചെയ്താൽ യോജിച്ച സ്റ്റിക്കറുകൾ സൃഷ്ടിക്കുന്നതാണ് ആദ്യ എ.ഐ സേവനം. മൈതാനത്തിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടിയെന്ന് ടൈപ്പ് ചെയ്താൽ അത്തരം ചിത്രം ലഭിക്കും. ഇത് ചാറ്റിൽ പങ്കുവയ്ക്കാം. മിഡ്ജേർണി പോലുള്ള എ.ഐ ടൂളുകളിലൂടെയാണ് ഇത് സാധിക്കുന്നത്. ഏത് ചോദ്യത്തിനും മനുഷ്യനെപ്പോലെ ഉത്തരം നൽകുന്ന ചാറ്റ്ബോട്ടും വരും. ഔദ്യോഗിക സന്ദേശങ്ങൾ അയയ്‌ക്കുമ്പോൾ സംശയങ്ങൾ വന്നാൽ ചാറ്റിന്റെ പുറത്തുപോയി ഗൂഗിളിൽ തിരയേണ്ടെന്നാണ് വാട്ട്സാപ്പിന്റെ വാഗ്ദാനം. ആപ്പിലൂടെ വിദേശത്തുള്ളവർക്കും പണമയയ്ക്കാനും വാങ്ങാനുമുള്ള സേവനവും വരും. യു.പി.ഐയിലൂടെയാണ് ഇത് സാധിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ പോലെ കോൺടാക്ടിലുള്ളവരെ സ്റ്റാറ്റസിൽ ടാഗ് ചെയ്യാനും സാധിക്കും.

ദുരുപയോഗം വരാം

പരിചിതരുടെ ഫോട്ടോകൾ നൽകിയാൽ കൗതുകമുള്ള എ.ഐ വീഡിയോകൾ സൃഷ്ടിക്കുന്ന സേവനം ഇറക്കാനും വാട്ട്സാപ്പിന് പദ്ധതിയുണ്ട്. നിലവിൽ വ്യക്തികളുടെ ഫോട്ടോകൾ നൽകിയാൽ സ്റ്റിക്കറുകൾ നിർമ്മിക്കാം. വീഡിയോ ഫീച്ചർ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വ്യാജ വീഡിയോകൾ നിർമ്മിക്കാനും സാദ്ധ്യതയുണ്ട്. ഫെയ്സ്ബുക്കിൽ പോസ്റ്റിടുമ്പോഴെന്ന പോലെ വാട്ട്സാപ്പിൽ സ്റ്റാറ്റസ് ഇടുമ്പോൾ നോട്ടിഫിക്കേഷൻ ശബ്ദം കൊണ്ടുവരുമെന്നും സൂചനയുണ്ട്.

 ഏറ്റവുമധികം വാട്ട്സാപ്പ് ഉപഭോക്താക്കൾ ഇന്ത്യയിൽ - 53. 58കോടി

 ലോകത്ത് 303 കോടി