കാട്ടാക്കട: പെരുംകുളം വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ നട്ടംതിരിയുകയാണിപ്പോൾ. ജീവനക്കാരുടെ മോശം പെരുമാറ്റവും തോന്നിയപടിയുള്ള ഓഫീസ് പ്രവർത്തനവുമെല്ലാം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. നിരവധി പേരാണ് ദിനംപ്രതി ഓഫീസിലെത്തുന്നത്. വരുന്നവരെല്ലാം നിരാശയോടെ മടങ്ങുന്നു. കാട്ടാക്കട താലൂക്കിലെ പെരുംകുളം വില്ലേജ് ഓഫീസിലെ അവസ്ഥയാണിത്. വില്ലേജ് ഓഫീസറെ കാണണമെങ്കിൽ ഭാഗ്യം വേണമെന്ന് നാട്ടുകാർ പറയുന്നു. മണിക്കൂറുകൾ കാത്തുനിന്നാൽപ്പോലും അപേക്ഷ പോലും നൽകാൻ കഴിയില്ല.
വസ്തു ഈടു വച്ച് വായ്പ എടുക്കേണ്ടവർ സർട്ടിഫിക്കറ്റുകൾക്കായി ദിവസങ്ങളോളം കയറി ഇറങ്ങണം. മാസങ്ങൾക്ക് മുമ്പ് നൽകിയ പോക്കുവരവ് അപേക്ഷകൾ ഇനിയും തീർപ്പായിട്ടില്ല. വില്ലേജ് ഓഫീസുകളുടെ പരാതികൾ സംബന്ധിച്ച് താലൂക്ക് ഓഫീസിൽ പരാതിപ്പെട്ടാലും യാതൊരു നടപടിയും ഉണ്ടാവാറില്ലെന്ന ആക്ഷേപമുണ്ട്. സേവനം വൈകിപ്പിക്കുന്നത് അഴിമതിക്കുവേണ്ടിയാണെന്നും ഇതിനെതിരെ നടപടിവേണമെന്നുമുള്ള ആവശ്യം ശക്തമാണ്.