തിരുവനന്തപുരം: മാനവീയം വീഥിയിൽ ശനിയാഴ്ച പുലർച്ചെ വീണ്ടും യുവാക്കൾ തമ്മിൽ ഏറ്റമുട്ടി. കലാപരിപാടിക്കിടെ മദ്യപിച്ചെത്തിയ സംഘമാണ് ഏറ്റുമുട്ടിയത്. സ്ഥലത്തുനിന്ന് ഏഴുപേരെ പൊലീസ് പിടികൂടി. നാലുമുക്ക് സ്വദേശി ജിജോ (28),​ ആര്യങ്കോട് സ്വദേശികളായ അമൽ (23)​,​ എബി (22)​ രഞ്ജിത്ത് (24),​ കോട്ടയം സ്വദേശി അരവിന്ദ് (22)​,​ കുറ്റിയാണിക്കാട് സ്വദേശി വിവേക് ( 25)​ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

പൊലീസ് പറയുന്നത്: മദ്യപിച്ചെത്തിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കലാപരിപാടിക്കിടെ ഉണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെ കൂട്ടത്തല്ലിൽ നിന്ന് കുറച്ചുപേർ ഓടിരക്ഷപ്പെട്ടു. ഇതിൽ ഏഴുപേരെ തടഞ്ഞുവച്ച് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മ്യൂസിയം സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

നൈറ്റ് ലൈഫ് ആസ്വദിക്കാനായി എത്തുന്നവരിൽ ഏറെയും ലഹരിസംഘങ്ങളാണെന്നും പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് ഇവർ അഴിഞ്ഞാടുകയാണെന്നും നേരത്തെ പരാതി ഉയർന്നിരുന്നു. വീഥിയിൽ ലഹരി പരിശോധനയില്ലാത്തതും അക്രമങ്ങൾ വ്യാപകമാകാൻ കാരണമാകുന്നതായി നഗരവാസികൾ പറയുന്നു. ക്രിമിനൽ സംഘങ്ങൾ ഉൾപ്പെടെ നൈറ്റ് ലൈഫിന് എത്തുന്നുണ്ടെന്ന ആരോപണം ശക്തമായതോടെ കുടുംബസമേതം മാനവീയത്തിലേക്ക് എത്താൻ ആളുകൾക്ക് ഭയമാണ്. മാസങ്ങൾക്ക് മുൻപ് പൂന്തുറ സ്വദേശിയായ യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വ്യാപകമായിരുന്നു. മാനവീയത്തിലെ സുരക്ഷ സംബന്ധിച്ച് ഏറെ ചർച്ചകൾ നടന്നതും അന്നാണ്. എന്നാൽ, വീഥിയിൽ സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ് പ്രഖ്യാപിക്കുമ്പോഴും അക്രമം തുടരുന്നതാണ് നിലവിലെ സ്ഥിതി.