photo

നെടുമങ്ങാട്: പട്ടികവർഗ-പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ബി.ജെ.പി വിഭാവനം ചെയ്യുന്ന വികസിത ഭാരത സങ്കല്പത്തിലില്ലെന്ന് ആറ്റിങ്ങലിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി,​ദളിതർക്ക് സാമൂഹ്യനീതി ലഭ്യമായത് നരേന്ദ്രമോദി അധികാരത്തിൽ വന്ന ശേഷമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ,​ മുഖ്യധാരാ നേതാക്കളും പ്രസ്ഥാനങ്ങളും അവഗണിക്കുന്നവർക്കൊപ്പമാണ് താനും കോൺഗ്രസ് പാർട്ടിയുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്.

ഉരുകുന്ന പകലിനെ വകവയ്ക്കാതെ സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടുന്ന പ്രവർത്തകരെ സാക്ഷിയാക്കി ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രമുഖ മുന്നണി സാരഥികൾ കത്തിക്കയറുകയാണ്. ഒന്നോ രണ്ടോ മിനിട്ടിലൊതുങ്ങുന്ന പ്രസംഗത്തിൽ എതിരാളിയെ മലർത്തിയടിക്കാനുള്ള എല്ലാ ചേരുവകകളും ഉണ്ടാവും. കാതടപ്പിക്കുന്ന വെടിക്കെട്ടും കൈയടിയും മുദ്രാവാക്യങ്ങളുമാണ് പ്രവർത്തകരുടെ സമ്മാനം.

അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ആറ്റിങ്ങൽ അസംബ്ലി മണ്ഡലം പരിധിയിലായിരുന്നു ഇന്നലെ വി.ജോയിയുടെ സ്വീകരണ പര്യടനം. പന്തടിവിളയിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. തെഞ്ചേരിക്കോണം,ഗുരുനഗർ,പെരുംകുളം,ശങ്കരൻമുക്ക് തുടങ്ങി എഴുപതോളം കേന്ദ്രങ്ങളിൽ ഊഷ്മള വരവേല്പ്. നാടൻ കലാകേന്ദ്രങ്ങളിലെ നർത്തകിമാരും വിദ്യാർത്ഥികളും സ്വീകരണ യോഗങ്ങൾ വർണാഭമാക്കി. ശങ്കരൻമുക്കിൽ സ്ഥലത്തെ പ്രധാന പയ്യൻസ് വരച്ച 'ജോയി അണ്ണന്റെ" കളർ ചിത്രവും ഗുരുനഗറിൽ യുവജനങ്ങൾ ഒരുക്കിയ പച്ചില ഹാരവും സ്ഥാനാർത്ഥി ഹൃദയപൂർവം ഏറ്റുവാങ്ങി.എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം പോത്തൻകോട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്തു. മന്ത്രി ജി.ആർ.അനിൽ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജൂഖാൻ, സി.പി.എം ഏരിയാ സെക്രട്ടറി ആർ.ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു. സ്വീകരണ പര്യടനം ഇന്ന് കാട്ടാക്കടയിലെ പള്ളിമുക്കിൽ തുടങ്ങി രാത്രി അമ്പലത്തിൻകാല-കിഴമച്ചൽ-പാപ്പനത്ത് സമാപിക്കുമെന്ന് മണ്ഡലം തിരഞ്ഞെടുപ്പ് ചെയർമാൻ എസ്.ചന്ദ്രബാബുവും കൺവീനർ എം.എം.ബഷീറും അറിയിച്ചു.

സഹ്യന്റെ മടിത്തട്ടിലെ പൊന്മുടിയുടെ താഴ്വരയിലായിരുന്നു അടൂർ പ്രകാശിന്റെ രണ്ടാംദിന സ്വീകരണ പര്യടനം. കല്ലാർ നിവാസികളോട് സംസ്ഥാന സർക്കാർ പുലർത്തുന്ന വിവേചനത്തെക്കുറിച്ച് പറഞ്ഞ് മുൻ എം.എൽ.എ കെ.എസ്.ശബരിനാഥൻ ഉദ്‌ഘാടനം ചെയ്തു. എം.പി എന്ന നിലയിൽ താൻ നടത്തിയ ഇടപെടലുകളും വികസന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന് സ്ഥാനാർത്ഥി അടൂർ പ്രകാശ് പറഞ്ഞു. അരുവിക്കര മണ്ഡലം തിരഞ്ഞെടുപ്പ് ചെയർമാൻ വിതുര ശശി അദ്ധ്യക്ഷത വഹിച്ചു. കൺവീനർമാരായ ഉവൈസ്ഖാൻ, ജ്യോതിഷ് കുമാർ, സി.ആർ ഉദയകുമാർ, ബി.ആർ.എം ഷഫീർ, വിഷ്ണു ആനപ്പാറ, കെ.എ അസീസ്, വി.ആർ പ്രതാപൻ, വിദ്യാസാഗർ, ജയ മോഹനൻ, ലാൽ റോഷി, വിനോബ താഹ, ബ്ലോക്ക് പ്രസിഡന്റ് ഇന്ദുലേഖ, ടി.എം നസീർ, ഹരി, മുരളി, പുഷ്പാംഗദൻ, എസ്.കുമാരപിള്ള എന്നിവർ സംസാരിച്ചു. ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ ആവേശത്തോടെ സ്ഥാനാർത്ഥിയെ വരവേറ്റു. പനയ്‌ക്കോട് ഉച്ചവിശ്രമം കഴിഞ്ഞ് പറണ്ടോട്,ഉഴമലയ്ക്കൽ വഴി രാത്രി ആര്യനാട് ഗാന്ധി ജംഗ്‌ഷനിൽ സമാപിക്കും. ഇന്ന് വാമനപുരം മണ്ഡലത്തിലെ നെല്ലനാട് ആരംഭിച്ച് വഞ്ചുവത്ത് സമാപിക്കുമെന്ന് മണ്ഡലം തിരഞ്ഞെടുപ്പ് ചെയർമാൻ ഷാനവാസ് ആനക്കുഴി, കൺവീനർമാരായ ബിനു.എസ്.നായർ, നന്ദിയോട് സുശീലൻ എന്നിവർ അറിയിച്ചു.

കിളിമാനൂരും വിതുരയിലും പട്ടികജാതി കുടുംബങ്ങളെ പാർട്ടി കൊടിക്കീഴിൽ എത്തിക്കുന്നതിന്റെ തിരക്കിലായിരുന്നു കേന്ദ്രമന്ത്രി കൂടിയായ വി.മുരളീധരൻ. കിളിമാനൂർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത കുടുംബ സംഗമത്തിൽ 35 കുടുംബങ്ങൾ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.നരേന്ദ്രമോദി സർക്കാരിൽ 12 മന്ത്രിമാർ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ നിന്നുണ്ടെന്നും വോട്ട് കിട്ടാൻ വേണ്ടി പ്രസംഗങ്ങളിലൂടെ ദളിത് പ്രേമം പറയുന്ന ആളല്ല മോദിയെന്നും കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്‌ത വി.മുരളീധരൻ പറഞ്ഞു. വൈകിട്ട് വിതുര ശാന്തികൃഷ്ണ ഓഡിറ്റോറിയത്തിൽ പട്ടികവർഗ മോർച്ച മണ്ഡലം കൺവെൻഷനും സ്ഥാനാർത്ഥി ഉദ്‌ഘാടനം ചെയ്തു. അമ്പും വില്ലും സമ്മാനിച്ചാണ് പ്രവർത്തകർ മുരളീധരനെ സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, മുളയറ രതീഷ്, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ വാമനപുരത്ത് സ്വീകരണം പര്യടനം ആരംഭിക്കും.