37

ഉദിയൻകുളങ്ങര : കളിയിക്കാവിള - ബാലരാമപുരം ദേശീയപാതയിലെ ഉദിയൻകുളങ്ങര കൊടും വളവിൽ തകർന്നു കിടന്ന അപകട കലുങ്ക് കേരളകൗമുദി വാർത്തയെ തുടർന്ന് പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രന്റെ നേതൃത്വത്തിൽ ദേശീയപാത അതോറിട്ടി പുനർനിർമ്മിച്ചു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയോരത്തെ കൊടുംവളവിനെക്കുറിച്ചും തകർന്നു കിടന്ന കലുങ്കിനെ കുറിച്ചും കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത നൽകിയതിനു പിന്നാലെയാണ് നടപടി. കൊറ്റാമത്തിനും ഉദിയൻകുളങ്ങരയ്ക്കും ഇടയിലെ കൊടുംവളവിൽ രാത്രിയിൽ വേണ്ടത്ര തെരുവുവിളക്കുകളില്ലാത്തതിനാൽ അറവു മാലിന്യങ്ങളുൾപ്പെടെയുള്ളവ നിക്ഷേപിക്കുന്നത് പതിവ് കാഴ്ചയാണ്. ഇത് ഭക്ഷിക്കുവാൻ എത്തുന്ന തെരുവ് നായ്ക്കൾ റോഡിന് കുറുകെ ചാടുന്നതിനാൽ അപകടങ്ങളും തുടർക്കഥയായി മാറിയിരുന്നു. ദേശീയ പാതയിലെ ഈ ഭാഗത്ത് വാഹനാപകടങ്ങളിലായി പാതയുടെ കുറുകെയുള്ള തോടിന്റെ കലുങ്കുകൾ രണ്ടു വർഷത്തിനിടെ തകർന്നിരുന്നു. യാതൊരു നവീകരണവുമില്ലാതെ തകർന്ന കലുങ്കിന്റെ ഭാഗം കാടു മൂടി കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇതുമൂലം നിരവധി സൈക്കിൾ യാത്രികരും വഴിയാത്രക്കാരുമുൾപ്പെടെ അനവധി പേരാണ് അപകടത്തിൽപ്പെട്ടത്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലം അവ ഭക്ഷിക്കാനെത്തുന്ന തെരുവു നായ്ക്കൾ വാഹനങ്ങൾക്ക് കുറുകെ ചാടിയുള്ള അപകടങ്ങൾ വേറെയും. കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് അധികൃതർ മൗനം പാലിക്കുന്നുവെന്ന് കേരളകൗമുദി വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉന്നത ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. കൊടും വളവിൽ സ്ട്രീറ്റ് ലൈറ്റുകൾക്കായി പോസ്റ്റുകൾ സ്ഥാപിച്ചെങ്കിലും ഇതുവരെയും ലൈറ്റുകൾ സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. വെളിച്ചമില്ലാത്തതിനാൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ വേണ്ടത്ര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.