1

വിഴിഞ്ഞം: പന്നിഫാം ഉടമയെ കബളിപ്പിച്ച് പണം നൽകാതെ രണ്ട് പന്നികളുമായി കടന്ന പ്രതികളിൽ ഒരാൾ അറസ്റ്റിൽ. പന്നികളുമായി വാഹനം പോകുന്നത് തടയാൻ ശ്രമിച്ച ഫാം ഉടമയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി വിഴിഞ്ഞം പയറ്റുവിളയിലാണ് സംഭവം. കൊല്ലങ്കോട്ടുള്ള രണ്ടു പേർക്ക് രണ്ടു പന്നികളെ വേണമെന്ന ആവശ്യവുമായി വെണ്ണിയൂർ മലയിൽ നിവാസിൽ ജ്‌ഞാനശീലൻ(55) ന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ എത്തുന്നത്. പന്നികളെ വാനിൽക്കയറ്റി സമീപത്തെ വെയ് ബ്രിജ് കേന്ദ്രത്തിലെത്തിച്ച് തൂക്കമെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ വാനുമായി കടക്കാൻ ശ്രമിച്ചു. ഉടൻതന്നെ ജ്‌ഞാനശീലൻ വാഹനത്തെ തടയാൻ ശ്രമിച്ചെങ്കിലും വാൻ മുന്നോട്ടെടുത്തു. ഇതോടെ ഫാം ഉടമ വാഹനത്തിന്റെ ഇടതുവശത്തെ ഡോറിൽ പിടിച്ചുകയറി കാലുകൾ പുറത്തായി തൂങ്ങിക്കിടന്നു. ഡോറിൽ പിടിച്ചു കയറി കാലുകൾ അര കിലോമീറ്ററോളം ഇയാളെയും കൊണ്ട് വാൻ മുന്നോട്ടുപോയെന്നും തന്നെ തള്ളിയിടുന്നതിനായി പോസ്‌റ്റിനടുത്തേക്ക് ചേർത്ത സമയം പിടിവിട്ട് രക്ഷപെടാൻ ശ്രമിച്ചെന്നും ജ്‌ഞാനശീലൻ പറഞ്ഞു. ഇതിനിടെ വാഹനത്തിന്റെ ഇടതുവശത്തിരുന്നയാൾ തന്റെ മൂന്ന് പവൻ തൂക്കംവരുന്ന മാല പൊട്ടിച്ചെടുത്തതായും ഫോൺ കാണാതായതായും ഉടമ നൽകിയ പരാതിയിൽപ്പറയുന്നു.

ദേഹം മുഴുവൻ മുറിവു പറ്റിയ ജ്‌ഞാനശീലൻ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സംഭവത്തിൽ തനിക്ക് രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിലുണ്ട്.