തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക സാമൂഹ്യ മേഖലകളിൽ ചരിത്ര സംഭാവനകൾ സമർപ്പിച്ച തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ ജന്മശതാബ്ദി വർഷത്തിൽ പഞ്ചദിന സാംസ്‌കാരിക വിരുന്നുകൾ ഭാരത് ഭവനിൽ ഇന്ന് ആരംഭിക്കും. ഓർമ്മകൂട്ടായ്‌മകൾ,ഡോക്യുമെന്ററി,തോപ്പിൽ ഭാസിയുടെ ജനപ്രിയ ചലച്ചിത്രങ്ങളുടെ പ്രദർശനങ്ങൾ,ഗാനവിരുന്ന് എന്നിവ ഉൾപ്പെടുത്തിയ സാംസ്‌കാരിക സന്ധ്യ തോപ്പിൽഭാസിയുടെ നൂറാം ജന്മദിനമായ ഇന്ന് വൈകിട്ട് 5.30ന് ഭാരത് ഭവൻ ഹൈക്യൂ തിയേറ്ററിൽ കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.
കാമ്പിശ്ശേരി ജന്മദിന ദിനമായ ഏപ്രിൽ 10ന് ശ്രീകുമാർ തമ്പി,കാമ്പിശ്ശേരി സർഗസന്ധ്യയുടെ ഉദ്ഘാടനവും അനുസ്‌മരണ പ്രഭാഷണവും നടത്തും. 12ന് സമാപന സാംസ്‌കാരിക കൂട്ടായ്‌മയുടെയും സ്‌മൃതി ഗാനസന്ധ്യയുടെയും ഉദ്ഘാടനം പെരുമ്പടം ശ്രീധരൻ നിർവഹിക്കും. ഭാരത് ഭവനും ചലച്ചിത്ര അക്കാഡമിയും വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുമായി സഹകരിച്ചൊരുക്കുന്ന സർഗസ്‌മൃതിയിൽ എട്ട് മുതൽ 12 വരെ ദിനങ്ങളിൽ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ സന്നിഹിതരാകും.