nursing

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിലെ പരിശോധനയെച്ചൊല്ലി നഴ്സിംഗ് കൗൺസിൽ അംഗങ്ങളും ആരോഗ്യമന്ത്രിയും ഏറ്റുമുട്ടിയതിന് പിന്നാലെ പരിശോധന താത്കാലികമായി വിലക്കി സർക്കാർ. വിഷയം നിയമവകുപ്പ് പരിശോധിച്ച് പുതിയ സമിതിയെ നിയോഗിച്ചശേഷം പരിശോധന മതിയെന്നാണ് നിർദ്ദേശം. കൗൺസിൽ അംഗങ്ങൾ പരിശോധന നടത്തുന്നത് നിയമവിരുദ്ധമാണെന്ന നഴ്സിംഗ് കോളേജ് മാനേജ്മെന്റുകളുടെ നിലപാട് പരിഗണിച്ചാണ് നടപടി.

അതേസമയം, സർക്കാർ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യാനാണ് കൗൺസിൽ അംഗങ്ങളുടെ നീക്കം. ഇതോടെ അടുത്ത അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് മുന്നോടിയായി ഈ മാസവും അടുത്തമാസവുമായി നടക്കേണ്ട പരിശോധനകൾ വൈകുമെന്ന് ഉറപ്പായി. ഇത് അടുത്ത പ്രവേശന നടപടികളെ ബാധിക്കും.

2021മുതൽ കോളേജുകളിൽ പരിശോധനയ്ക്ക് നഴ്സിംഗ് കൗൺസിൽ അംഗങ്ങൾ പോകാറുണ്ട്. ഇവരുൾപ്പെടുന്ന കൗൺസിൽ യോഗമാണ് ഈ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കുന്നത്. ഇത്തരത്തിൽ ഒരേ വ്യക്തികൾ പരിശോധനയ്ക്ക് പോകുന്നതും റിപ്പോർട്ട് വിലയിരുത്തുന്നതും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മാനേജ്മെന്റുകൾ നേരത്തെ രംഗത്തെത്തിയിരുന്നു.

ഇതുസംബന്ധിച്ച് കഴിഞ്ഞമാസം18ന് മന്ത്രി വീണാ ജോർജിന്റെ ഓഫീസിൽ ചേർന്ന യോഗത്തിൽ കൗൺസിൽ അംഗങ്ങളും മന്ത്രിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തങ്ങൾ പോകുന്നതിനാലാണ് കോളേജുകളിലെ പ്രശ്നങ്ങൾ പുറത്തുവരുന്നതെന്നും മാനേജ്മെന്റുകൾക്ക് തോന്നുംപടി പ്രവർത്തിക്കാനാണ് പരിശോധന സംഘത്തിൽ തങ്ങൾ വേണ്ടെന്ന് പറയുന്നതെന്നും കൗൺസിൽ അംഗങ്ങൾ പറഞ്ഞു. എന്നാൽ, കൗൺസിൽ അംഗങ്ങൾ പോകുന്നത് കോഴ വാങ്ങാനാണെന്ന മന്ത്രിയുടെ പരാമർശം വാക്കേറ്റത്തിനിടയാക്കി. തുടർന്ന്

വിഷയം നിയമവകുപ്പിന് വിടാൻ തീരുമാനിക്കുകയായിരുന്നു.

അഫിലിയേഷൻ പ്രതിസന്ധിയിൽ

ജൂണിന് മുമ്പ് പരിശോധന നടത്തി അടിസ്ഥാന സൗകര്യങ്ങളും അദ്ധ്യാപകരുടെ എണ്ണവും ഉറപ്പാക്കിയാണ് നഴ്സിംഗ് കൗൺസിൽ ഓരോ കോളേജുകളുടെയും അഫിലിയേഷൻ പുതുക്കുന്നത്. എന്നാൽ മാത്രമേ അടുത്തവർഷത്തേക്ക് പ്രവേശനം നടത്താനാകൂ. പരിശോധന വൈകുംതോറും ഇതിനുള്ള നടപടികൾക്കും കാലതാമസമുണ്ടാകും. സമാന രീതിയിൽ ആരോഗ്യ സർവകലാശാല കോളേജുകളിൽ നടത്തിയ പരിശോധന പൂർത്തിയായി.