photo

ശംഖുംമുഖം: തലസ്ഥാന വാസികളുടെ കാതടപ്പിച്ച് വൻ ശബ്ദത്തോടെ വ്യോമസേനയുടെ പോർവിമാനങ്ങൾ ആകാശത്ത് വട്ടമിട്ട് പറന്നു. ആദ്യം അമ്പരന്നെങ്കിലും പോർവിമാനങ്ങളെത്തി എന്നറിഞ്ഞതോടെ നിരവധിപേർ വിമാനങ്ങൾ കാണാനായി പൊന്നറപ്പാലത്തിലെത്തി.

കോയമ്പത്തൂർ ഉൾപ്പെട്ട ആകാശപരിധിയിൽ വ്യോമസേന വിമാനങ്ങൾ സൈനിക അഭ്യാസം നടത്തുന്നുണ്ട്. പരിശീലനത്തിന്റെ ഭാഗമായുള്ള അഭ്യാസത്തിൽ പങ്കെടുക്കുന്ന വിമാനങ്ങളിൽ സുഖോയ് 30 വിഭാഗത്തിലുള്ള രണ്ടുവിമാനങ്ങളാണ് ഇന്നലെ ‌ഉച്ചയ്‌ക്ക് യാത്രാവിമാനങ്ങളുടെ ലാൻഡിംഗും ടേക്കോഫും ഇല്ലാത്ത സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

സുഖോയ് 30 വിഭാഗത്തിൽപ്പെട്ട മൂന്ന് പോർ വിമാനങ്ങൾ ശനിയാഴ്ച ഉച്ചയോടെ പൂനെയിലെ എയർഫോഴ്സ് ബെയ്സിൽ നിന്ന് തിരുവനന്തപുരത്തെത്തിയിരുന്നു. സുഖോയ് വിമാനങ്ങൾക്ക് പുറമേ ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർ സോണിക് യുദ്ധവിമാനങ്ങളായ തേജസും പരിശീലനപ്പറക്കലിന്റെ ഭാഗമാകും.