
തിരുവനന്തപുരം: അരുണാചലിൽ മൂന്നു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിന് കൂടുതൽ തെളിവുകൾ. ഇക്കഴിഞ്ഞ 27ന് തിരുവനന്തപുരം വിമാനത്താവളത്തിൽ മരിച്ച നവീൻ ഉപേക്ഷിച്ചുപോയ കാറിൽ നിന്ന് ഡ്രാഗൺ, അന്യഗ്രഹ ജീവികൾ എന്നിവയുടെ ചിത്രങ്ങളും വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള കല്ലുകളും പൊലീസ് കണ്ടെടുത്തു. മരണപ്പെട്ട ആര്യയുടെ ലാപ്ടോപ്പിൽ നിന്നു ലഭിച്ച ചിത്രങ്ങളിലുള്ള വസ്തുക്കളാണ് കാറിൽ കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ഇതോടെയാണ് അന്യഗ്രഹ ജീവിതത്തിലേക്കുള്ള ആഭിചാര കർമ്മത്തിന്റെ സാദ്ധ്യത പൊലീസ് ഉറപ്പിക്കുന്നത്.
കാറിൽ ഒരു കത്തിയും ഉത്തരേന്ത്യയിലെ ബുദ്ധവിഹാരങ്ങളിൽ ഉപയോഗിക്കുന്ന തരം ഷാളുകളും ഉണ്ടായിരുന്നു.
ഡോൺബോസ്‌കോ ആരെന്ന് ഇന്നറിയാം
2021ൽ ആര്യയ്ക്ക് ഡോൺബോസ്‌കോ എന്ന വ്യാജ ഇ മെയിലിൽ അന്യഗ്രഹ ജീവിതത്തെയും 'മിതി' യെയും
സംബന്ധിച്ച വിവരങ്ങൾ ആരാണ് അയച്ചതെന്ന് ഇന്ന് പൊലീസിന് ഗൂഗിൾ കൈമാറും.
നവീന് അന്യഗ്രഹവാസത്തെക്കുറിച്ചും ആഭിചാരക്രിയകളെക്കുറിച്ചുമുള്ള വിവരം ലഭിച്ചത് ആരിൽ നിന്നാണെന്ന് സമാന്തരമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നും അതിനെ പ്രതിരോധിക്കാൻ ഉയരം കൂടിയ പ്രദേശത്തേക്ക് മാറണമെന്നും നവീൻ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആര്യയുടെ സ്വർണാഭരണങ്ങൾ എവിടെ പോയി
ആര്യ ധരിച്ചിരുന്ന സ്വർണമാലയും വളകളും കമ്മലുമൊന്നും മൃതദേഹത്തിൽ കാണാനില്ലെന്ന് ബന്ധുക്കൾ ഇൻക്വസ്റ്റ് വേളയിൽ സ്ഥിരീകരിച്ചിരുന്നു. ഇവർ പത്തുദിവസം കഴക്കൂട്ടത്ത് ഉണ്ടായിരുന്നതിനാൽ ഈ മേഖലയിൽ ഏതെങ്കിലും സ്ഥാപനത്തിൽ യാത്രച്ചെലവിനായി ആഭരണങ്ങൾ വിൽക്കാനോ പണയം വയ്ക്കാനോ ഉള്ള സാധ്യത പൊലീസ് സംശയിക്കുന്നു.